കേരളം

കല കൊലപാതക കേസ് : കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ : മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇനിയുള്ള രണ്ടുപേരുടെയും അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കുള്ളവരാണ് കസ്റ്റഡിയിലുള്ളത്.ഇവരെ വിശദമായി ചോദ്യം ചെയ്യും.

അനിൽകുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ മൃതദേഹം കലയുടേതാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ. അനിൽകുമാറിനെ പ്രതിചേർത്ത് എഫ്ഐആർ തയ്യാറാക്കുമെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

2008ലാണ് കലയെ കാണാതായത്. കൊലപാതകത്തിന് പിന്നിൽ ഭർത്താവ് അനിലിനെ സംശയിക്കുന്നുണ്ട്. എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഉറപ്പിച്ച് പറയാൻ കഴിയൂ എന്ന് പൊലീസ് പറയുന്നു. വ്യക്തിപരമായ കാരണങ്ങൾ തന്നെയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊന്നുകുഴിച്ചുമൂടിയെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര മാന്നാറിലെ ഇലമന്നൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിൽ കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഇത് കലയുടേതെന്ന് സ്ഥിരീകരിക്കാനാകൂ. മൃതദേഹം കുഴിച്ചിട്ടപ്പോൾ രാസവസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.

സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ കുമാറിന്റെ സഹോദരീഭർത്താവ് അടക്കം അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലാണ്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്ന് ഇവർ പൊലീസിന് മൊഴിനൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button