അൽഖാഇദ അനുകൂല തീവ്രവാദ സംഘടനയുടെ ആക്രമണം; ബുർക്കിന ഫാസോയിൽ 100ലേറെ പേർ കൊല്ലപ്പെട്ടു

വഗദുഗു : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ അൽഖാഇദ അനുകൂല തീവ്രവാദ സംഘടന ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സൈനികരാണെന്നാണ് പ്രാഥമിക വിവരം. തന്ത്രപ്രധാനമായ ജിബോ പട്ടണം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഞായറാഴ്ച പുലർച്ചെ മുതൽ ആക്രമണം നടന്നെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.
ആഫ്രിക്കയിലെ സഹേൽ മേഖലയിൽ സജീവമായ അൽഖാഇദ അനുകൂല സംഘടനയായ ജമാഅത്ത് നസ്റുൽ ഇസ്‌ലാം വാൽ മുസ്‌ലിമിൻ (ജെ.എൻ.ഐ.എം) എന്ന ജിഹാദി ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജിബോയിലാണ് പ്രധാന ആക്രമണം നടന്നത്. ജെ.എൻ.ഐ.എം തീവ്രവാദികൾ നഗരത്തിലെ എല്ലാ പ്രവേശന ചെക്ക്‌പോസ്റ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് സൈനിക ക്യാമ്പുകളും തീവ്രവാദ വിരുദ്ധ യൂണിറ്റിന്‍റെ ക്യാമ്പുകളും ആക്രമിക്കുകയായിരുന്നു.
ഇബ്രാഹിം ട്രോറിന്റെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് നിലവിൽ ബുർക്കിന ഫാസോ ഭരിക്കുന്നത്. 23 ദശലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. രാജ്യത്തെ സുരക്ഷാസ്ഥിതി മോശമായതിനാൽ പകുതിയോളം പ്രദേശങ്ങൾ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലല്ല. പട്ടാള അട്ടിമറിക്ക് ശേഷം ബുർക്കിന ഫാസോയുടെ പ്രസിഡന്‍റായ ജനറൽ ഇബ്രാഹിം ട്രോർ (36) തന്‍റെ ഭരണകാലത്ത് രാജ്യത്ത് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫ്രാൻസിന്റെയും അമേരിക്കയുടെയും സ്വാധീനത്തിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച് സ്വയംപര്യാപ്തമാക്കാൻ ശ്രമിച്ചെങ്കിലും തീവ്രവാദ ഗ്രൂപ്പുകൾ വെല്ലുവിളി തുടരുകയാണ്.