എയർ മാൾട്ട യാത്രക്കാർക്ക് ലഭിക്കാനുള്ള റീഫണ്ടുകൾ ലഭിക്കുന്നില്ല, വ്യാപക പരാതി

എയർ മാൾട്ടയിൽ നിന്നും യാത്രക്കാർക്ക് ലഭിക്കാനുള്ള റീഫണ്ട് തുക ലഭിക്കാൻ കാലതാമസം എടുക്കുന്നതായി റിപ്പോർട്ട് . വിമാനക്കമ്പനിയുടെ പ്രവർത്തനം നിർത്തിയതോടെയാണ് നിയമപരമായി ലഭിക്കേണ്ട റീഫണ്ട് പോലും ലഭിക്കാതെ പോകുന്നതെന്ന് ടൈംസ് ഓഫ് മാൾട്ട റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് പൗരനായ വിൽ അഗാറിന്റെ പരാതി അടക്കമുള്ളവയാണ് റിപ്പോർട്ടിന്റെ അടിസ്ഥാനം.
2023 ജൂണിൽ റദ്ദാക്കിയ ഫ്ളൈറ്റിന്റെ റീഫണ്ട് തുകയാണ് അഗാറിന് ലഭിക്കാനുള്ളത്. 145 യൂറോയാണ് തുക. വ്യക്തിപരമായ കാരണത്താൽ യാത്ര കാൻസൽ ചെയ്തതോടെ അപ്പോഴത്തെ എയർ മാൾട്ടയുടെ നിയമപ്രകാരം 50 ശതമാനം തുക ഇദ്ദേഹത്തിന് റീ ഫണ്ട് ലഭിക്കേണ്ടതായിരുന്നു. ഫോണിലൂടെയും ഇ-മെയിൽ വഴിയും ഇദ്ദേഹം പരാതി ഉന്നയിച്ചിരുന്നു. എയർ മാൾട്ട സർവീസ് അവസാനിപ്പിച്ചതോടെ കസ്റ്റമർ കെയർ സേവനങ്ങളിൽ പോലും പരാതിക്ക് മറുപടി ലഭിക്കുന്നില്ല എന്നാണു അഗാർ ടൈംസ് ഓഫ് മാൾട്ടയോട് വെളിവാക്കിയത്. സമാനമായ ധാരാളം പരാതികൾ ലഭിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് മാൾട്ട വെളിവാക്കി.
എയർ മാൾട്ട ഇനി പ്രവർത്തന സജീവമല്ലാത്തതിനാൽ, എയർലൈൻ വഴി തന്നെ റീഫണ്ട് ക്ലെയിം നടപടിയിൽ പോകുന്നത് പ്രയാസമാണ്. വിജയം ഉറപ്പില്ലെങ്കിലും ചില സാധ്യതകളുള്ള നടപടികൾ ഇതാ:
- ക്രെഡിറ്റ് കാർഡ് ചാർജ്ബാക്ക്: അൽഗാർ ഫ്ലൈറ്റുകൾ വാങ്ങാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനത്തെ ബന്ധപ്പെട്ട് സാഹചര്യം വിശദീകരിച്ച് ചാർജ്ബാക്ക് ആരംഭിക്കാൻ കഴിയും.
- യൂറോപ്യൻ യൂണിയൻ ഉപഭോക്താ പരിരക്ഷ നിയമങ്ങൾ: ഫ്ലൈറ്റുകൾ ബുക്ക് ചെയ്ത തീയതിയും പ്രത്യേക സാഹചര്യങ്ങളും അനുസരിച്ച്, അൽഗാറിന് യൂറോപ്യൻ യൂണിയൻ ഉപഭോക്താ പരിരക്ഷ നിയമങ്ങൾ വഴി നഷ്ടപരിഹാരം തേടാം. ഇത് കൂടുതൽ സങ്കീർണ്ണമായ നടപടി ആയിരിക്കും.