എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് ഒന്നിന് ഭാഗികമായി പുനരാരംഭിക്കും. ജൂൺ 12ന് നടന്ന എഐ 171 വിമാനാപകടത്തെത്തുടർന്നാണ് എയർ ഇന്ത്യ, ‘സേഫ്റ്റി പോസ്’ പ്രഖ്യാപിച്ചത്.
ബോയിങ് 787 വിമാനങ്ങളിൽ അധിക സുരക്ഷാ പരിശോധനകൾ നടത്താനും പാകിസ്താന്‍, മധ്യപൂർവദേശ വ്യോമാതിർത്തി അടച്ചതുമൂലം വർധിച്ച യാത്രാ സമയം ക്രമീകരിക്കാനുമായിരുന്നു ഇങ്ങനെ ചെയ്തത്. ഇതിനിടെ ഡിജിസിഎ നിർദേശത്തെ തുടർന്ന് ബോയിങ് വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകളുടെ പരിശോധനകൾ ആരംഭിച്ചു.
ഓഗസ്റ്റ് 1 മുതൽ ഭാഗികമായി സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും ഒക്ടോബർ 1 ഓടെ പൂർണ്ണമായ പ്രവർത്തനങ്ങൾ പൂര്‍വസ്ഥിതിയിലാകുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. ആകെ അഞ്ച് റൂട്ടുകളിൽ സർവീസുകൾ പുനഃസ്ഥാപിക്കാനാണ് ആദ്യത്തില്‍ ലക്ഷ്യമിടുന്നത്.
അതേസമയം ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനങ്ങള്‍ കര്‍ശനമായി പരിശോധിക്കാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു. ബോയിങ് ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാനാണ് ഉത്തവ്. എല്ലാ വിമാന കമ്പനികളും ജൂലൈ 21നകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിസിഎയുടെ നിര്‍ദേശം.
അഹമ്മദാബാദ് വിമാനാപകടത്തില്‍ 260 പേര്‍ക്ക് ജീവൻ നഷ്‌ടമായിരുന്നു. എഞ്ചിൻ സ്വിച്ച് ഓഫായതാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.