ദേശീയം

എയര്‍ ഇന്ത്യ സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി; മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു

ന്യൂഡല്‍ഹി : പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഇന്ന് (മാര്‍ച്ച് നാല്) അര്‍ദ്ധരാത്രി വരെ താല്‍ക്കാലികമായി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ ജിദ്ദയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി വലിയ വിമാനങ്ങള്‍ (ബോയിങ് 777) ഉപയോഗിച്ചുള്ള പ്രത്യേക രക്ഷാദൗത്യ സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 350 സീറ്റുകളുള്ള ബോയിങ് 777 വിമാനം മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് ബോയിങ് 787-9 വിമാനവും ഇന്ന് പുലര്‍ച്ചെ മുംബൈയില്‍ നിന്ന് ദുബായിലേക്ക് മറ്റൊരു വിമാനവും സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

ഒമാനിലെ മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. മസ്‌കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നുതുടങ്ങിയത് പ്രവാസികള്‍ക്ക് ആശ്വാസമായി. നിലവിലെ നിയന്ത്രണങ്ങള്‍ കാരണം യാത്ര റദ്ദാക്കേണ്ടി വന്നവര്‍ക്കോ യാത്ര മാറ്റിവെക്കുന്നവര്‍ക്കോ എയര്‍ ഇന്ത്യ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാര്‍ച്ച് അഞ്ച്? വരെയുള്ള യാത്രകള്‍ക്ക് അധിക നിരക്ക് ഈടാക്കാതെ തീയതി മാറ്റാം. യാത്ര പൂര്‍ണമായും റദ്ദാക്കുന്നവര്‍ക്ക് ടിക്കറ്റ് തുക മുഴുവനായി റീഫണ്ട് നല്‍കുമെന്നും കമ്പനി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button