വ്യോമപാത അടച്ച് ഇറാന്; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ഇന്ത്യയും ഇന്‍ഡിഗോയും

ന്യൂഡല്‍ഹി : ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ആഗോള വ്യോമ ഗതാഗത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാനിലെ സാഹചര്യങ്ങളില്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന സാഹചര്യം നിലനില്‍ക്കെ ഇറാന് തങ്ങളുടെ വ്യോമപാത അടച്ചതായി റിപ്പോര്‍ട്ട്. ഇറാന് എയര്‍ സ്പെയ്സ് അടച്ചതുമൂലം അന്താരാഷ്ട്ര സര്‍വീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഇന്ത്യന്‍ വിമാന കമ്പനികളായി എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പെയ്സ് ജെറ്റ് എന്നിവ അറിയിച്ചു.
മേഖലയിലെ പ്രശ്നങ്ങള്‍ മൂലം വിമാനങ്ങള്‍ വൈകുന്നതായും പാത പുനക്രമീകരണം സാധ്യമായില്ലെങ്കില്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്നും എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് മുന്നറിപ്പ് നല്കി. എക്സ് പോസ്റ്റിലായിരുന്നു പ്രതികരണം. ‘ഇറാനിലെ സാഹചര്യത്തെ തുടര്‍ന്നുള്ള വ്യോമാതിര്‍ത്തി അടച്ചിടല്‍, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത്, ഈ മേഖലയ്ക്ക് മുകളിലൂടെ പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇപ്പോള്‍ ബദല്‍ പാതകള്‍ ഉപയോഗിക്കുന്നു, ഇത് കാലതാമസത്തിന് കാരണമായേക്കാം. നിലവില്‍ റൂട്ട് മാറ്റാന്‍ കഴിയാത്ത ചില എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയേക്കും,’ എന്നും എയര്‍ ഇന്ത്യ അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ഇറാന് വ്യോമപാത അടച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രണ്ട് മണിക്കൂറിന് വ്യോമപാത അടച്ചിടുമെന്നായിരുന്നു ഇറാന്റെ ആദ്യ അറിയിപ്പ്. ഔദ്യോഗിക അനുമതിയോടെ അല്ലാതെ ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കരുത് എന്നായിരുന്നു വിശദീകരണം. ഈ ഉത്തരവ് പിന്നീട് നീട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ട അടച്ചിടലിന് ശേഷം വ്യോമപാത തുറന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.



