അന്തർദേശീയം

യുകെക്ക് പിന്നാലെ യുഎസിലും കാനഡയിലും; ‘സൂപ്പർ ഫ്ലൂ’ പേടിയിൽ ലോകം

വാഷിങ്ടൺ ഡിസി : യുകെയ്ക്കു പിന്നാലെ യുഎസിലും കാനഡയിലും പടർന്നുപിടിച്ച് സൂപ്പർ ഫ്ലൂ. ഇൻഫ്ലുവൻസ എ (H3N2) വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വിഭാഗമാണ് രോഗബാധയ്ക്ക് പിന്നിൽ. ക്രിസ്മസ് ആഘോഷത്തിലേക്ക് ലോകം കടക്കവെയാണ് സൂപ്പർ ഫ്ലൂ ഭീതി പടരുന്നത്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇതിനെ വൈറസ് മൂലമുണ്ടാകുന്ന ശ്വസന അണുബാധയായാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇൻഫ്ലുവൻസ എ (H3N2) വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പതിപ്പിന്റെ ‘സബ്ക്ലേഡ് കെ’ വിഭാഗമാണ് രോഗബാധയ്ക്കു പിന്നിൽ. ഈ വർഷം ആദ്യമാണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈകാതെ യുകെ, യുഎസ്, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് രോഗം അതിവേഗം പടർന്നു. നിരന്തരം ജനിതകമാറ്റം സംഭവിക്കുന്ന ഇത്തരം ഇൻഫ്ലുവൻസ വൈറസുകൾക്ക് മനുഷ്യനിലെ രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇത് ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്.

സാധാരണ അനുഭവപ്പെടാറുള്ള പനിയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. പെട്ടെന്നുള്ള ഉയർന്ന പനി, ക്ഷീണം, തലവേദന, മറ്റ് വേദനകൾ, വരണ്ട ചുമ, നെഞ്ചുവേദന, തൊണ്ടവേദന, ഉറങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, വയറുവേദന, ഛർദിൽ, മൂക്കൊലിപ്പ്, നിരന്തരമായ തുമ്മൽ എന്നിവയാണ് സൂപ്പർ ഫ്ലൂവിന്റെ ലക്ഷണങ്ങൾ. മറ്റ് വൈറസുകളെ അപേക്ഷിച്ച് സൂപ്പർ ഫ്ലൂ മനുഷ്യരിൽ വേഗത്തിൽ ബാധിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ (പ്രത്യേകിച്ച് രണ്ട് വയസ്സിന് താഴെയുള്ളവർ), പ്രായമായവർ, ഗർഭിണികൾ, ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം, ദുർബലമായ രോഗപ്രതിരോധ ശേഷി, നാഡീ വൈകല്യങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ എന്നിവരിലാണ് സൂപ്പർ ഫ്ലൂ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വിശ്രമം, ആവശ്യത്തിന് ഉറക്കം, ശരീരത്തിലെ ജലാംശം നിലനിർത്തൽ തുടങ്ങിയവയാണ് രോഗത്തിനെ മറികടക്കാൻ ചെയ്യേണ്ടത്. കൈ വൃത്തിയായി സൂക്ഷിക്കുക, ഒത്തുചേരലുകൾ ഒഴിവാക്കുക, സുഖമില്ലാത്തപ്പോൾ വീട്ടിൽ തന്നെ തുടരുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.

മാസ്ക് ധരിക്കുക, വർക്ക് ഫ്രം ഹോം തുടങ്ങിയ കാര്യങ്ങളും നടപ്പാക്കാം. കുട്ടികളിലാണ് രോഗം വേഗത്തിൽ പടരുന്നത്. സൂപ്പർ ഫ്ലൂവിന്റെ പുതിയ വകഭേദം യുഎസിലുടനീളം പടരുകയാണ്. ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ രോഗബാധിതർ. 14,000 ഫ്ലൂ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കാനഡയിലും H3N2 ഫ്ലൂ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. 19 വയസ്സിന് താഴെയുള്ളവരിലാണ് രോഗവ്യാപനം കൂടുതൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button