കേരളം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

പാലക്കാട് : പാലക്കാട് ജില്ലയില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ 12ാം വാര്‍ഡ് ചാഴിയാട്ടിരിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഇവിടെ കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കി.

തിരുമിറ്റക്കോട്, നാഗലശേരി, തൃത്താല, ചാലിശേരി പഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയാണ്. രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടിയെടുക്കാന്‍ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍ദേശംനല്‍കി. രോഗബാധിത പ്രദേശങ്ങളില്‍നിന്ന് പന്നിമാംസം നല്‍കുന്നതും വിതരണം ചെയ്യുന്ന കടകള്‍ പ്രവര്‍ത്തിക്കുന്നതും ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തി. ഇവിടെനിന്ന് പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കോ തിരിച്ചോ കൊണ്ടുപോകുന്നതും നിരോധിച്ചു.

അനധികൃത കടത്ത് തടയാന്‍ ചെക്ക്‌പോസ്റ്റുകളിലും ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പൊലീസ്, ആര്‍ടിഒ എന്നിവരുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ച തദ്ദേശ ഭരണസ്ഥാപന പരിധിയില്‍ പൊലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ എന്നിവരുള്‍പ്പെട്ട ദ്രുതപ്രതികരണ സേന (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) രൂപീകരിച്ച് പ്രവര്‍ത്തിക്കാനും കലക്ടര്‍ ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button