ജെനിലെ താ മരിയ ഗുഹയിൽ പരസ്യം; പ്രകൃതി ഭംഗിക്ക് ഭീഷണിയെന്ന് പരാതി

ജെനിലെ താ മരിയ ഗുഹയിൽ പരസ്യം പ്രകൃതി ഭംഗിക്ക് ഭീഷണിയെന്ന് പരാതി. ജെനിലുള്ള (Ġnejna) പ്രശസ്തമായ ‘താ മരിയ’ (Ta’ Marija) ഗുഹയുടെ ഭിത്തിയിൽ പതിപ്പിച്ച ബോട്ട് പരസ്യം പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തിന് കോട്ടം തട്ടിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ‘ജെനിലെ വാട്ടർ സ്പോർട്സ്’ (Ġnejna Water Sports) എന്ന സ്ഥാപനം തങ്ങളുടെ സീ ടാക്സി സേവനത്തെക്കുറിച്ചുള്ള പരസ്യമാണ് ഗുഹയുടെ ഭിത്തിയിൽ പതിപ്പിച്ചത്.
തനതായ ആകൃതി കൊണ്ട് ഏറെ ശ്രദ്ധേയമായ താ മരിയ ഗുഹ, കയാക്കുകളിലൂടെയും കാൽനടയായും എത്തുന്ന നിരവധി പ്രാദേശിക വിനോദസഞ്ചാരികളുടെ ഇഷ്ടസങ്കേതമാണ്. എന്നാൽ, ഇപ്പോൾ ഈ ഗുഹയിൽ വിനോദസഞ്ചാരികൾക്കായി പരസ്യം ചെയ്യുന്നത് ശാന്തവും മനോഹരവുമായ ഈ ഗുഹയിലെ തിരക്ക് വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് പരിസ്ഥിതി പേജായ ‘ഓവർ ടൂറിസ്റ്റഡ് മാൾട്ട’ (Over Touristed Malta) വ്യക്തമാക്കി.
ഈ പരസ്യം ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് അവർ വാട്ടർ സ്പോർട്സ് കമ്പനിയോട് ആവശ്യപ്പെട്ടു. ഇത്തരം അനധികൃത പരസ്യങ്ങൾ നീക്കം ചെയ്യാൻ ക്ലീൻസിംഗ് ഡിപ്പാർട്ട്മെന്റിന് ആവശ്യമായ സംവിധാനങ്ങളോ ബോട്ടോ ഇല്ലേയെന്നും സോഷ്യൽ മീഡിയ പേജിലൂടെ അവർ പരിഹസിച്ചു.



