അടിമാലി കൂമ്പന്‍പാറ മണ്ണിടിച്ചില്‍; വീട് തകര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു

തൊടുപുഴ : അടിമാലി കൂമ്പന്‍പാറയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു. ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ബിജു എന്നയാളാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെയാണ് അപകടമുണ്ടായത്. ധനുഷ്കോടി ദേശീയപാതയുടെ സമീപത്തുണ്ടായിരുന്നു മണ്ണിടിച്ചില്‍.
ഏഴു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെത്തിച്ചത്. നേരത്തെ ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചിരുന്നു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അബോധാവസ്ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ടവര്‍ കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഒരു പ്രധാന കാരണമായത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വീടിരുന്നതിന് സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തിന് തൊട്ടുമുമ്പ് 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് വലിയൊരു ദുരന്തം ഒഴിവാകാന്‍ കാരണമായി.
ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലായിരുന്നു. കെട്ടിടത്തിനുള്ളില്‍ പൂര്‍ണമായും മണ്ണ് നിറഞ്ഞ് കിടക്കുകയായിരുന്നു. വീടിന്റെ ചുമരുകളെല്ലാം തകര്‍ന്ന നിലയിലാണ്.



