അദാനിയും അംബാനിയും ലിസ്റ്റിലില്ല, കൂടുതൽ ബോണ്ട് വാങ്ങിയത് സാന്റിയാഗോ മാർട്ടിൻ

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്.ബി.ഐ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോണ്ട് സ്വീകരിച്ച വ്യക്തികളുടെ പേരും ലഭിച്ച പാർട്ടിയുടെ പേരുമാണ് പ്രസിദ്ധീകരിച്ചത്. 2019 ഏപ്രിൽ 12നാണ് ബി.ജെ.പി ആദ്യമായി ബോണ്ട് പണമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്.
രാഷ്ട്രീയപാർട്ടികൾക്ക് പണം നൽകിയതിൽ രാജ്യത്തെ വൻകിട കമ്പനികളുമുണ്ട്. ഐ.ടി.സി എയർടെൽ, സൺഫാർമ, ഇൻഡിഗോ എം.ആർ.എഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, ഡി.എൽ.എഫ്, അംബുജാ സിമന്റ്സ്, നവയുഗ തുടങ്ങിയ കമ്പനികളാണ് ബോണ്ട് വാങ്ങിയതെന്നാണ് ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങളിലുളളത്. അദാനി, റിലയൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല. ഏറ്റവുമധികം സംഭാവന നൽകിയത് സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പി.ആർ എന്ന കമ്പനിയാണ്. 1368 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്. ഇ.ഡി നടപടി നേരിട്ട കമ്പനിയാണിത്. മേഘ എഞ്ചിനീയറിങ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 980 കോടി വാങ്ങി.
വാക്സിൻ കമ്പനിയായ ഭാരത് ബയോടെകും ബോണ്ടുകള്‍ വാങ്ങി കോടികള്‍ സംഭാവന നല്കി. നിരവധി ഖനി കമ്പനികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടിലൂടെ സംഭാവന നല്കി. അതേസമയം, ഇലക്ടറൽ ബോണ്ട് കേസ് നാളെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപേക്ഷയാണ് സുപ്രിംകോടതി പരിഗണിക്കുക. ഇലക്ടറൽ ബോണ്ട് കേസിലെ സുപ്രിംകോടതി വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടാണ് ഹർജി.ഇലക്ട്രറല്‍ ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടി ബിജെപിയാണ്.