കേരളംചരമം

നടി മീനാ ഗണേഷ് അന്തരിച്ചു

പാലക്കാട് : പ്രശസ്ത നാടക, സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു. 82 വയസായിരുന്നു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.

ഷൊർണൂർ സ്വദേശിയായ മീനയുടെ ഭർത്താവ് ഗണേഷും അറിയപ്പെടുന്ന നാടകനടനും സിനിമാതാരവുമായിരുന്നു. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ.പി കേശവന്‍റെ മകളാണ് മീന. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. 1971 ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ.എൻ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നതിനെത്തുടർന്ന് വീണ്ടും മറ്റ് സമിതികളുടെ നാടകങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി.

കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്‍റര്‍നാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്. പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാർ, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്‌നേഹപൂർവം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സർച്ച് ലൈറ്റ്, പാലം അപകടത്തിൽ, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികൾ തുടങ്ങിയവയാണ് പ്രസിദ്ധമായ നാടകങ്ങൾ.

ചാലക്കുടി സാരഥി തിയറ്റേഴ്സിനു വേണ്ടി നടൻ തിലകൻ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തിൽ മീന ഗണേഷ് ചെയ്ത ‘കുൽസുമ്പി’ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലിക്കായി എ.എൻ ഗണേഷ് എഴുതി സംവിധാനം ചെയ്ത ‘പാഞ്ചജന്യം’ എന്ന നാടകം തുടർച്ചയായി മൂന്നു വർഷം അവതരിപ്പിച്ചു. ഇതടക്കം അദ്ദേഹം എഴുതിയ 20 ലേറെ നാടകങ്ങളിൽ മീനയും ഗണേഷും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

1976 ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തിയെങ്കിലും 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന സിനിമയിൽ സജീവമായത്. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button