‘കീരിക്കാടന്‍ ജോസ്’ അന്തരിച്ചു
തിരുവനന്തപുരം : നടന്‍ മോഹന്‍ രാജ് അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.
കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. ആറാം തമ്പുരാന്‍, നരസിംഹം, മായാവി, ഏയ് ഓട്ടോ, അര്‍ഥം, നരന്‍, ഹലോ, ഷാര്‍ജ ടു ഷാര്‍ജ, ലോലിപോപ്പ് തുടങ്ങി മൂന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി റോഷാക്ക് ആണ് അവസാന ചിത്രം.
മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനായിരുന്നു മോഹന്‍രാജ്. മകള്‍ കാനഡയിലാണ്. അവിടെ നിന്നും നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു. ഡ്യൂപ്പില്ലാതെയായിരുന്നു പല സിനിമകളിലും അഭിനയിച്ചത്. അതിനിടെ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിനിടെ കാലിന് പരിക്കേറ്റിരുന്നു. അതിനെ തുടര്‍ന്ന് ഏറെക്കാലം ബുദ്ധിമുട്ടിലായിരുന്നു.
സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കിരീടം സിനിമയിലെ അതികായകനായ വില്ലൻ… കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്ക് ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച് സഹകരിക്കുകയുണ്ടായി. ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് സംസ്കാരം എന്നാണ് മോഹൻരാജിന്റെ വേർപാട് അറിയിച്ച് ദിനേശ് പണിക്കർ കുറിച്ചത്.