കേരളം

ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം ലഭിച്ചതിൽ നന്ദി അറിയിച്ച് മോഹൻലാൽ

കൊച്ചി : ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം ലഭിച്ചതിൽ നന്ദി അറിയിച്ച് നടൻ മോഹൻലാൽ. ഇത്രയും കാലത്തെ അഭിനയത്തിനിടയിലെ ഏറ്റവും വലിയ അവാർഡാണ് ഇതെന്ന് മോഹൻലാൽ പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത കാര്യമാണ് ഇതെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ വാക്കുകൾ

“എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. സിനിമാ രം​ഗത്തെ ഏറ്റവും വലിയ അവാർഡ് ആണ് എനിക്ക് ലഭിച്ചിരിക്കുന്നത്. 48 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡായി ഞാനിതിനെ കാണുന്നു. ആദ്യം ഇതിന്റെ ജൂറിയോടും ഇന്ത്യൻ ​ഗവൺമെന്റിനോടുമുള്ള നന്ദി അറിയിക്കുന്നു. എന്നെ ഞാനാക്കി മാറ്റിയ മലയാള സിനിമ, എന്നോടൊപ്പം പ്രവർത്തിച്ചിരുന്നവർ, ഇപ്പോൾ പ്രവർത്തിക്കുന്നവർ, ഇനി പ്രവർത്തിക്കാൻ പോകുന്നവർ അവർക്കൊക്കെ ഞാൻ നന്ദി പറയുന്നു.

ഒരുപാട് മഹാരഥൻമാർ നടന്നു പോയ വഴിയിലൂടെയാണ് ഞാനും കടന്നു പോകുന്നത്. ആദ്യമായിട്ട് ഞാൻ എന്റെ നന്ദി ഈശ്വരനോടും എന്റെ കുടുംബത്തോടും എന്റെ പ്രേക്ഷകരോടും എന്നെ ഇഷ്ടപ്പെടുന്ന എല്ലാവരോടുമായി ഞാൻ പങ്കിടുന്നു. എന്റെ ഈ അവാർഡ് മലയാള സിനിമയ്ക്ക് ഞാൻ സമർപ്പിക്കുന്നു. 48 വർഷം എന്നോടൊപ്പം സഹകരിച്ച പലരും ഇന്നില്ല. അവരെ ഞാൻ ഓർക്കുന്നു. കാരണം എല്ലാവരും കൂടി ചേർന്നതാണ് സിനിമ.

എല്ലാ ഡിപ്പാർട്ടുമെന്റിലുള്ളവരും എല്ലാവരും കൂടി ചേർന്നാണ് മോഹൻലാൽ എന്ന നടനുണ്ടായത്. രണ്ടാമത്തെ മലയാളി ഒന്നാമത്തെ മലയാളി എന്നൊന്നില്ല. ഇത് ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡ് ആയിട്ടാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് ചലച്ചിത്ര രം​ഗത്തെ ഏറ്റവും വലിയ അവാർഡ് ആണ്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഈശ്വരനോടും പ്രേക്ഷകരോടും നന്ദി പറയുന്നു.

48 വർഷമായി ഞാൻ പ്രവർത്തിക്കുന്ന മേഖല എനിക്ക് ഈശ്വരൻ തന്നെയാണ്. ഒരു പ്രാർഥന പോലെയാണ്, അതുകൊണ്ടാണ് ഈശ്വരനെപ്പോലെ എന്ന് പറയുന്നത്. ഇതിന് മുൻപും സൂപ്പർ ഹിറ്റ് സിനിമകളുണ്ടായിട്ടുണ്ട്. പുതിയ തലമുറ പഴയ തലമുറ എന്നൊന്നില്ല. ഏത് പ്രൊഫഷനായാലും നമ്മൾ കാണിക്കുന്ന സത്യസന്ധതയാണ് പ്രധാനം. ഇതൊരിക്കലും ഞാൻ തനിച്ച് എടുക്കുന്നില്ല. ഈ അവാർഡ് എല്ലാവർക്കുമായി ‍ഞാൻ പങ്കുവയ്ക്കുന്നു.

നല്ല സിനിമ ചെയ്യണം, നല്ല ആളുകളുമായി സഹകരിക്കണം എന്നുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് നല്ല റോൾ കിട്ടുക എന്നത് ഒരു ഭാ​ഗ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരുപാട് ഭാ​ഗ്യം കിട്ടിയാളാണ് ഞാൻ. ഇന്ത്യയിലെ ഏറ്റവും വലിയ നടൻമാർക്കൊപ്പം അഭിനയിക്കാൻ പറ്റിയ അപൂർവ ചില നടൻമാരിലൊരാളാണ് ഞാൻ. അങ്ങനെ ഒരുപാട് ​ഗുരു കാർന്നവൻമാരുടെ അനു​ഗ്രഹവും ​ഗുരുത്വവും എനിക്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

മലയള സിനിമയ്ക്കും മലയാളി പ്രേഷകർക്കും മലയാളത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് ഈ പുരസ്കാരം. ഈ കാലത്ത് മലയാല സിനിമയ്ക്ക പരിമിതികളില്ല. എല്ലാ സാധ്യതകളും ഉപയോ​ഗിക്കുന്നുണ്ട്. വളരെ ശക്തമായ ആശയങ്ങൾ പങ്കുവയ്ക്കുന്ന ഒരു മേഖലയായാണ് മലയാള സിനമയെ ഇപ്പോൾ ലോകം കാണുന്നത്.

മലയാള സിനിമ, തമിഴ് സിനിമ എന്നൊന്നും ഇല്ല. ഇപ്പോൾ സിനിമ എന്ന ഒരു ഭാഷയെ ഉള്ളൂ. സിനിമ ഒരു ട്രപീസ് സർക്കസ് പോലെയാണ്. 48 വർഷം ആ സർക്കസിനുള്ളിൽ നിൽക്കുന്നു. നമ്മളെ താങ്ങി നിർത്താൻ ഒരുപാട് പേരുണ്ട്. മുകളിലേക്ക് കയറുമ്പോൾ ഒപ്പമുള്ളവരെ നോക്കുക, താഴേക്കിറങ്ങുമ്പോഴും അവർ മാത്രമേ ഉണ്ടാകൂവെന്നും മോഹൻലാൽ പറഞ്ഞു.

ഈ നിമിഷത്തെ കുറിച്ചാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്. നാളെ ഞങ്ങൾ ദൃശ്യം 3 തുടങ്ങുകയാണ്. 23 ന് അവിടെ പോയി അവാർ‍ഡ് വാങ്ങണം. എന്റെ കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കുമൊപ്പം പോയി അവാർഡ് വാങ്ങിക്കും. എന്നെ സംബന്ധിച്ച് ഇതൊരു സന്തോഷത്തിന്റെ നിമിഷമാണ്.

പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണ് എന്നെ വിളിച്ചത്. ഞാനൊരു ഷൂട്ടിലായിരുന്നു. ആദ്യം നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കുന്ന കാര്യമല്ലല്ലോ. നമ്മുടെ വിദൂര സ്വപ്നത്തിൽ പോലും ഇല്ലാത്ത ഒരു കാര്യമാണ്. നമ്മൾ കാണുന്ന ഒരു സ്വപ്നത്തിൽ പോലും ഇല്ലാത്ത ഒരു കാര്യം സംഭവിക്കുമ്പോൾ നമുക്കത് നിർവചിക്കാൻ പറ്റില്ല. സത്യമാണോ അല്ലെയോ എന്ന് ചിന്തിച്ചു പോകുന്ന ഒരു നിമിഷമാണിത്. ഒരു പ്രാവശ്യം കൂടി ഒന്ന് കൂടി പറയാമോ എന്ന് നമ്മൾ ചോദിക്കും”.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button