കേരളം

ചേന്ദമംഗലം കൂട്ടക്കൊല; കുറ്റം സമ്മതിച്ച് പ്രതി ഋതു

കൊച്ചി : എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതി ഋതു ജയന്‍ കുറ്റം സമ്മതിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള ജിതിനെ ആക്രമിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ഋതു പൊലീസിനോട് പറഞ്ഞു. തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്ക് അടിച്ചു വീഴ്ത്തിയെന്നും ഋതു മൊഴി നല്‍കി. കസ്റ്റഡിയിലുള്ള ഋതുവിനെ ഉന്നത പൊലീസ് സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതി ഋതുവിന്റെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്. ഋതുവിനെതിരെ മോഷണ കേസ് അടക്കം നാലു കേസുകളുണ്ടെന്നാണ് വിവരം. ഋതുവിന് നേരത്തെ തന്നെ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, വടക്കന്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യങ്ങളടക്കം പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

അയല്‍വാസികളായ വേണുവും ഋതു ജയനും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇയാള്‍ ഇവരുടെ വീട്ടില്‍ നേരത്തെയെത്തി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നുവെന്ന് പറഞ്ഞായിരുന്നു ഋതു വഴക്കുണ്ടാക്കിയത്. ഈ സമയം കയ്യില്‍ ഇരുമ്പു വടിയും ഉണ്ടായിരുന്നു. ഗേറ്റ് തല്ലിപ്പൊളിച്ചതിനെതിരെ വേണു നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പകയും ആക്രമണത്തിന് കാരണമായെന്നാണ് സൂചന.

ഗുരുതരമായി പരിക്കേറ്റ ജിതിന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ മരിച്ച വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വൈകീട്ടോടെ മൂന്നുപേരുടെയും സംസ്‌കാര ചടങ്ങുകള്‍ നടക്കും. പ്രതി ഋതു മയക്കുമരുന്ന ലഹരിയിലാണു കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഋതുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button