കേരളം

‘അര്‍ജുന്‍റെ പേരില്‍ പണം പിരിക്കുന്നു’ : മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം

കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ കുടുംബം. അർജുന്റെ പേരിൽ മനാഫ് പണം പിരിച്ചുവെന്നും കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ജനശ്രദ്ധ നേടാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും കുടുംബം ആരോപിച്ചു.

അർജുന്റെ കുഞ്ഞിനെ ദത്തെടുക്കുമെന്ന് പ്രചരിപ്പിച്ചുവെന്നും ഇതൊന്നും കുടുംബം ആശ്യപ്പെട്ടിട്ടല്ലെന്നും അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിൻ പറഞ്ഞു. ചിലർ വൈകാരികമായി വിഷയത്തെ ചൂഷണം ചെയ്തു. അർജുനെകുറിച്ച് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. അർജുന്റെ പണം ഉപയോഗിച്ച് സഹോദരിമാർ ജീവിക്കുകയാണ് എന്നൊക്കെ പ്രചരിപ്പിക്കുന്നു. ഇതു വരെ ഒരു പണവും ഞങ്ങൾ സ്വീകരിച്ചിട്ടില്ല.

കുടുംബത്തിന്റെ ദാരിദ്ര്യമടക്കം പറഞ്ഞാണ് മനാഫ് പണം പിരിക്കുന്നത്. വീട്ടിൽ പണം കൊണ്ട് തന്നശേഷം സമൂഹമാധ്യമത്തിൽ ഫോട്ടോ പ്രചരിപ്പിച്ചു. അർജുന്റെ അമ്മയുടെ വൈകാരികത പോലും മനാഫ് ചൂഷണം ചെയ്തു.സ്വന്തം യൂടൂബ് ചാനലിലൂടെ തിരച്ചിലിന്റെ വിവരങ്ങളെല്ലാം മനാഫ് സംപ്രേഷണം ചെയ്തു. തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയും യൂടൂബ് ചാനലിലൂടെ ആളെക്കൂട്ടാനാണ് ശ്രമം നടത്തിയത്.

അർജുന് 75000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് പറഞ്ഞുപരത്തുകയാണ്. അർജുന്റെ പേരിൽ കുടുംബത്തിനായി പണം പിരിക്കുന്നത് അറിഞ്ഞിരുന്നില്ല. ഇനിയാരും മനാഫിന് പണം നൽകരുത്. ഞങ്ങൾക്ക് ആ പണം ആവശ്യമില്ല. ഇത്തരം നടപടി തുടർന്നാൽ മനാഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button