കേരളം

പ്രൊഫഷണല്‍ ടാക്സ് പരിഷ്‌കരണം ഇന്നുമുതല്‍

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രൊഫഷണല്‍ ടാക്സ് ( തൊഴില്‍ നികുതി) പരിഷ്‌കരണം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍. ആറാം സംസ്ഥാന ധനകാര്യ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം.

ആറുമാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. ആറുമാസത്തെ ശമ്പളം 12000-17999 പരിധിയിലാണെങ്കില്‍ നിലവില്‍ 120 രൂപയാണ് പ്രൊഫഷണല്‍ ടാക്സ് ആയി ഈടാക്കിയിരുന്നത്. ഇത് 320 രൂപയായി ഉയര്‍ത്തിയാണ് പരിഷ്‌കരണം നടപ്പാക്കിയത്. സമാനമായ രീതിയില്‍ 18,000- 29,999, 30,000- 44,999 ശമ്പള പരിധിയിലും വര്‍ധന വരുത്തിയിട്ടുണ്ട്.

ഓരോ സാമ്പത്തിക വര്‍ഷത്തിലും രണ്ടുതവണയായാണ് തദ്ദേശസ്ഥാപനങ്ങള്‍ നികുതി സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അംഗീകൃത തൊഴിലാളികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് നികുതി പിരിക്കുന്നത്. ആറുമാസത്തെ ശമ്പളം 11,999 വരെയുള്ളവര്‍ക്ക് തൊഴില്‍നികുതിയില്ല.ഭരണഘടനാ വ്യവസ്ഥപ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷം പിരിക്കാവുന്ന പരമാവധി തുക 2,500 രൂപ ആണ്. വരുമാനം അനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നികുതി ഈടാക്കുന്നത്. നിലവിലെ സ്ലാബ് ഗ്രാമപഞ്ചായത്തുകളില്‍ 1997ലും നഗരസഭകളില്‍ 2006ലുമാണ് നടപ്പാക്കിയത്.

നികുതി സ്ലാബ് വര്‍ധിപ്പിക്കണമെന്ന് ധനകാര്യ കമീഷനുകള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ സി ആന്‍ഡ് എജിയുടെ റിപ്പോര്‍ട്ടുകളിലും തനത് വരുമാന വര്‍ധനക്കായി നികുതി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം വന്നു. തുടര്‍ന്നാണ് ആറാം ധനകാര്യ കമീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ച് നികുതി പരിഷ്‌കരിച്ചത്.

ആറുമാസത്തെ ശമ്പളം 18,000- 29,999 പരിധിയില്‍ വരുന്നവര്‍ക്ക് നിലവില്‍ 180 രൂപയാണ് പ്രൊഫഷണല്‍ ടാക്സ്. ഇത് 450 രൂപയാണ് ഉയര്‍ത്തിയത്. 30,000- 44,999 പരിധിയില്‍ 300 രൂപയായിരുന്നു പ്രൊഫഷണല്‍ ടാക്‌സ്. ഇത് 600 രൂപയായാണ് വര്‍ധിപ്പിച്ചത്. അതേസമയം 45,000-99,999 പരിധിയില്‍ 750 രൂപയായി തുടരും. 1,00,000- 1,24,999 രൂപ വരെയുള്ള ശമ്പള പരിധിയിലും നികുതി വര്‍ധനയില്ല. ആയിരം രൂപയായി തന്നെ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button