അന്തർദേശീയം

ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി തകര്‍ന്നു, ആശങ്ക: റിപ്പോര്‍ട്ട്

വാഷിങ്ടണ്‍ : ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി തകര്‍ന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അന്തര്‍വാഹിനി തകര്‍ന്നതെന്ന് അമേരിക്കയിലെ മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.സൈനിക ശേഷി ശക്തിപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ ഏറ്റവും വലിയ നാവിക സേന ചൈനയുടേതാണ്. ചൈനയ്ക്ക് 370ലധികം യുദ്ധക്കപ്പലുകള്‍ ഉണ്ട്. ഇതിന് പുറമേ പുതിയ തലമുറ ആണവ അന്തര്‍വാഹിനികളുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ പുതിയ ഫസ്റ്റ്-ഇന്‍-ക്ലാസ് ആണവ അന്തര്‍വാഹിനി മെയ്-ജൂണ്‍ കാലയളവില്‍ ഒരു തുറമുഖത്തോട് ചേര്‍ന്ന് തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യം ചൈന നിഷേധിച്ചിട്ടുണ്ട്.

എന്താണ് അന്തര്‍വാഹിനി തകരാനുള്ള കാരണമെന്നോ ആ സമയത്ത് കപ്പലില്‍ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നോ കാര്യത്തില്‍ വ്യക്തതയില്ല. ചൈനീസ് അന്തര്‍വാഹിനി തകര്‍ന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വാള്‍ സ്ട്രീറ്റ് ജേണലാണ്. ജൂണ്‍ മുതലുള്ള പ്ലാനറ്റ് ലാബില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളുടെ പരമ്പരയില്‍ വുചാങ് കപ്പല്‍ശാലയില്‍ ക്രെയിനുകള്‍ വിശദമായി കാണിക്കുന്നുണ്ട്. അവിടെയായിരുന്നു അന്തര്‍വാഹിനി നങ്കൂരമിട്ടിരുന്നത്. തകര്‍ന്ന അന്തര്‍വാഹിനിയെ ഉയര്‍ത്താന്‍ ക്രെയിനുകള്‍ ഉപയോഗിച്ചതാണോ എന്ന സംശയമാണ് ഉയരുന്നത്.

2022 ലെ കണക്കനുസരിച്ച്, ചൈനയ്ക്ക് ആറ് ആണവോര്‍ജ്ജ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികളും ആറ് ആണവ ശക്തിയുള്ള ആക്രമണ അന്തര്‍വാഹിനികളും 48 ഡീസല്‍ പവര്‍ അറ്റാക്ക് അന്തര്‍വാഹിനികളും ഉണ്ടെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് അന്തര്‍വാഹിനികളുടെ എണ്ണം 2025 ഓടെ 65 ആയും 2035 ഓടെ 80 ആയും ഉയരുമെന്നും യുഎസ് പ്രതിരോധ വകുപ്പ് പ്രവചിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button