8 രൂപയ്ക്ക് വൈദ്യുതി, രാജ്യത്തെ ആദ്യ മെഥനോൾ വൈദ്യുത നിലയം കായംകുളത്ത്
തിരുവനന്തപുരം: എട്ടു വർഷമായി പൂട്ടിക്കിടക്കുന്ന കായംകുളം താപനിലയത്തിൽ മെഥനോൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. രാജ്യത്ത് ആദ്യത്തെ മെഥനോൾ (മീഥൈൽ ആൽക്കഹോൾ) വൈദ്യുത നിലയമാവുമിത്.കരാറിൽ എൻ.ടി.പി.സിയും ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡും ഒപ്പുവച്ചു. ഒരു വർഷത്തിനകം ആദ്യഘട്ട ഉത്പാദനം തുടങ്ങും. നിലയത്തിന്റെ ഉത്പാദന ശേഷി 350 മെഗാവാട്ടാണ്.
ചെെനയുൾപ്പെടെ വിദേശരാജ്യങ്ങളിൽ മെഥനോൾ താപനിലയങ്ങളുണ്ട്. ഡീസൽ നിലയങ്ങളുടെ സാങ്കേതികവിദ്യയാണ് ഇതിലും. മെഥനോൾ സൂക്ഷിക്കാൻ എളുപ്പം. അപകടസാധ്യതയും കുറവാണ്.1998ൽ 1180 ഏക്കറിൽ തുടങ്ങിയ താപനിലയത്തിൽ നിന്ന് 2008വരെ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിയിരുന്നു. നാഫ്തയുടെ വില കൂടിയതോടെ വൈദ്യുതി വിലയും കൂടി. ഇതോടെ കെ.എസ്.ഇ.ബി വാങ്ങൽ നിറുത്തി. എന്നാൽ, വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും 2025 വരെ 200 കോടി രൂപ പ്രതിവർഷം നൽകണമെന്നായിരുന്നു കരാർ. 2020ൽ ഇത് 100രൂപയായി കുറച്ചു.
പിന്നീട് എൽ.എൻ.ജി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ തീരുമാനിച്ചു. 2013ൽ ഇതിന് 33 കോടി ചെലവഴിച്ചു. പക്ഷേ, കൊച്ചി പുതുവൈപ്പിൽ നിന്ന് കായംകുളത്തേക്ക് കടലിലൂടെ ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതിനെതിരെ മത്സ്യത്തൊഴിലാളി സമരം തുടങ്ങി. പിന്നീട് ടാങ്കർ ലോറിയിൽ എൽ.എൻ.ജി എത്തിക്കാൻ ശ്രമിച്ചെങ്കിലും ചെലവ് കൂടിയതോടെ ഉപേക്ഷിച്ചു.2018ൽ 450 കോടി മുടക്കി 92 മെഗാവാട്ടിന്റെ സോളാർ പ്ളാന്റ് നിർമ്മിച്ചു. ഇതിൽ നിന്നുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകുന്നുണ്ട്.
8 രൂപയ്ക്ക് വൈദ്യുതി
ഒരു ലിറ്റർ മെഥനോളിന് 25 രൂപ. നാഫ്തയ്ക്ക് 49, എൻ.എൻ.ജിക്ക് 35 രൂപവീതം
നാഫ്ത വൈദ്യുതിക്ക് യൂണിറ്റിന് 18 രൂപ, എൽ.എൻ.ജിക്ക് 14 രൂപ
മെഥനോൾ വൈദ്യുതി യൂണിറ്റിന് പരമാവധി 8 രൂപയ്ക്ക് വിൽക്കും
വാങ്ങൽ സംബന്ധിച്ച് കെ.എസ്.ഇ.ബി ചർച്ച തുടങ്ങിയിട്ടില്ല