അന്തർദേശീയം

കോവിഡ് 19ൻ്റെ പുതിയ വകഭേദം പടരുന്നത് 27 രാജ്യങ്ങളിൽ, നിലവിൽ രോഗബാധ ഏറെയുള്ളത് യൂറോപ്പിൽ

കാലിഫോർണിയ: ശാസ്ത്രലോകത്ത് ഭീതി ഉയർ‌ത്തി കോവിഡ് 19ൻ്റെ പുതിയ വകഭേദം. എക്സ്.ഇ.സി എന്ന വകഭേദം യൂറോപ്പിലുടനീളം അതിവേഗം പടരുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ജൂണിൽ ജർമനിയിലാണ് പുതിയ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. തുടർന്ന്, യു.കെ, യു.എസ്, ഡെൻമാർക്ക് തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളിൽ എക്സ്.ഇ.സി വകഭേദം പടർന്നു പിടിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ചൈന, പോളണ്ട്, നോർവേ, ലക്സംബർഗ്, യുക്രെയ്ൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടുതലും യൂറോപ്യൻ രാജ്യങ്ങളിലാണ് ഈ വകഭേദം പടരുന്നത്.

ഒമിക്രോൺ വകഭേദത്തിൻ്റെ ഉപവിഭാഗമാണ് പുതിയ വകഭേദം. ഇതുവരെ, 27 രാജ്യങ്ങളിൽ നിന്നുള്ള 500 സാമ്പിളുകളിൽ എക്സ്.ഇ.സി അടങ്ങിയതായി കണ്ടെത്തി. പനി, തൊണ്ടവേദന, ചുമ, മണം തിരിച്ചറിയാനാവത്തത്, വിശപ്പില്ലായ്മ, ശരീരവേദന തുടങ്ങിയവയാണ് രോ​ഗലക്ഷണങ്ങൾ. വാക്സിനുകളുടെയും ബൂസ്റ്റർ ഡോസുകളും ഉപയോഗം, ഗുരുതരമായ രോഗങ്ങളിൽ നിന്നും മതിയായ സംരക്ഷണം നൽകുമെന്ന് വിദഗ്ധർ പറയുന്നു. മറ്റ് കോവിഡ് വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലാണ് എക്‌സ്.ഇ.സി വകഭേദത്തിനെന്ന് ലണ്ടന്‍ ജനിറ്റിക്‌സ് ഇന്‍സ്റ്റിട്യൂട്ട് അറ്റ് യൂണിവേഴ്‌സിറ്റി കോളേജിന്റെ ഡയറക്ടര്‍ പ്രൊഫസര്‍ ഫ്രാന്‍കോയിസ് ബലൂക്‌സ് പറഞ്ഞു. വാക്‌സിനുകള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ കഴിയും. എന്നാൽ ശീതകാലത്ത് എക്‌സ്.ഇ.സി. ഏറ്റവും വ്യാപകമായ വൈറസ് ആകാന്‍ സാധ്യതയേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button