സ്പോർട്സ്

കരിയറിൽ 900 ഗോളുകൾ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെക്കോർഡ്

ലിസ്ബൺ: കരിയറില്‍ 900 ഗോളുകൾ‌ തികച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. മത്സരം പോർച്ചുഗൽ 2–1ന് വിജയിച്ചു. 34–ാം മിനിറ്റിൽ നുനോ മെൻഡസിന്റെ ക്രോസ് പിടിച്ചെടുത്ത് ക്ലോസ് റേഞ്ചിൽനിന്ന് റൊണാൾഡോയുടെ വോളി വലയിലെത്തുകയായിരുന്നു. രാജ്യാന്തര ഫുട്ബോളിൽ 131 ഗോളുകളാണ് റൊണാൾഡോയ്ക്കുള്ളത്.

450 ഗോളുകൾ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലും 145 എണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡിലും 101 ഗോളുകൾ യുവന്റസിലും 68 ഗോളുകൾ അൽ നസ്റിലും അഞ്ചെണ്ണം ആദ്യ ക്ലബ്ബായ സ്പോർടിങ് ലിസ്ബനിലും താരം സ്വന്തമാക്കി. 859 കരിയർ ഗോളുകളുമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 765 ഗോളുകളുമായി ബ്രസീൽ ഇതിഹാസ താരം പെലെയാണ് മൂന്നാമത്.

റൊണാൾഡോയുടെ 769 ഗോളുകളും ക്ലബ്ബ് കരിയറിൽനിന്നുള്ളതാണ്. ചരിത്ര ഗോൾ പിറന്നപ്പോൾ കൈകൾകൊണ്ട് മുഖം മറച്ച് ഗ്രൗണ്ടിൽ വീണാണ് താരം ആഘോഷിച്ചത്. ‘‘ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന നേട്ടത്തിലാണ് ഇപ്പോൾ എത്തിയത്. ഞാൻ കളിക്കുന്നതു തുടർന്നാൽ ഈ നമ്പരിലേക്ക് എത്താന്‍ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.’’– റൊണാൾഡോ മത്സരശേഷം പ്രതികരിച്ചു.

പുരുഷ ഫുട്ബോളിൽ 800 ഗോൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് റൊണാൾഡോ നേരത്തേ സ്വന്തമാക്കിയിരുന്നു, ഇപ്പോഴിതാ 900 ഗോളുകൾ നേടുന്ന ആദ്യ താരവുമായി. ആയിരം ഗോളുകളിലേക്കെത്തുകയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നു റൊണാൾഡോ പ്രതികരിച്ചിട്ടുണ്ട്. പോർച്ചുഗീസ് ക്ലബ്ബിൽ കരിയർ തുടങ്ങിയ റോണോ 2003ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നത്.

ആറു സീസണുകൾക്കു ശേഷം സ്പാനിഷ് വമ്പൻമാരായ റയലിലെത്തി. ഒൻപതു വർഷത്തെ കരിയറിൽ 438 മത്സരങ്ങളിൽനിന്ന് റയലിൽ താരം അടിച്ചുകൂട്ടിയത് 450 ഗോളുകൾ‌. രണ്ടു വർഷം ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ കളിച്ച ശേഷം വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തി. പീന്നിടാണ് സൗദി പ്രോ ലീഗിലേക്ക് റൊണാൾഡോ പോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button