പുതിയ ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് സംസ്ഥാനത്തിന്റെ അംഗീകാരം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നത് കണക്കിലെടുത്ത് പുതിയ ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കുറഞ്ഞത് 10 ഏക്കറിൽ വലിയ ലോജിസ്റ്റിക് പാർക്കുകളും 5 ഏക്കറിൽ മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കാം. ഇവിടെ ചരക്ക് കൈകാര്യം ചെയ്യൽ, ഇന്റേണൽ റോഡ് നെറ്റ്‌വർക്ക്, ഡോർമിറ്ററികൾ, മെഡിക്കൽ സെന്ററുകൾ എന്നിവയും ഉണ്ടാകും.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ലോജിസ്റ്റിക്സ് കോർഡിനേഷൻ കമ്മിറ്റിയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ലോജിസ്റ്റിക്സ് സെല്ലും രൂപീകരിക്കും. പാർക്കുകൾക്ക് ഏകജാലക ക്ലിയറൻസ് നൽകും. വലിയ പാർക്കിന് 7 കോടി രൂപവരെയും മിനി പാർക്കിന് 3 കോടി രൂപവരെയും മൂലധന സബ്സിഡി നൽകും. ഭൂമി ഏറ്റെടുക്കുമ്പോഴും ലീസിനെടുക്കുമ്പോഴും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. പൊതു -സ്വകാര്യ പങ്കാളിത്തത്തിലും പൂർണമായും സ്വകാര്യമേഖലയിലും പാർക്ക് ആകാം.