മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിൽ തർക്കം : അഞ്ചു വിമാനങ്ങൾ വൈകി
മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള തര്‍ക്കത്തില്‍ കുരുങ്ങി അഞ്ചു വിമാനങ്ങള്‍ വൈകി. ഇന്ന് രാവിലെയാണ് സംഭവം. പാരീസിലേക്കുള്ള KM478, കറ്റാനിയയിലേക്കുള്ള KM640, ബ്രാറ്റിസ്ലാവയിലേക്ക് FR1528, ഏഥന്‍സിലേക്കുള്ള FR6029, ബാരിയിലേക്കുള്ള FR9875 എന്നീ വിമാനങ്ങളുടെ സര്‍വീസാണ് വൈകിയത്. നേരത്തെ പ്രഖ്യാപിക്കാത്ത ചില നടപടിക്രമങ്ങള്‍ക്കായി മാള്‍ട്ട എയര്‍ ട്രാഫിക് സര്‍വീസസ് മുന്‍കൈ എടുത്തതോടെ രാവിലെ അഞ്ച് വിമാനങ്ങള്‍ വൈകിയെന്ന് എംഐഎ വക്താവ് സ്ഥിരീകരിച്ചു.
മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള തര്‍ക്കത്തിനിടെ വിമാനങ്ങള്‍ അനിയന്ത്രിതമായി വൈകിയതോടെയാണ് നിരവധി യാത്രക്കാര്‍ പരാതിയുമായി രംഗത്തു
വന്നത്. ‘ഒന്നും പറന്നുയരുന്നില്ല, ഒരു ജോലിക്കാരും ചുറ്റും ഇല്ലെന്ന് തോന്നുന്നു,’ യാത്രക്കാരിയായ ഒരു സ്ത്രീ ടൈംസ് ഓഫ് മാള്‍ട്ടയോട് പറഞ്ഞു. യാത്രക്കാരെ വിമാനത്തില്‍ കയറ്റി, എന്നാല്‍ 45 മിനിറ്റ് കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് ടേക്ക് ഓഫിനുള്ള പച്ചക്കൊടി ലഭിച്ചില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. യാത്രക്കാര്‍ വിമാനത്തില്‍ കയറിയെന്നും എന്നാല്‍ പുറപ്പെടാന്‍ ഏറെ വൈകിയെന്നും മറ്റൊരാള്‍ പറഞ്ഞു. മാള്‍ട്ട എയര്‍ ട്രാഫിക് സര്‍വീസസിന്റെ ‘ഉപദേശിക്കാത്ത നടപടിക്രമങ്ങള്‍’ കാരണമാണ് കാലതാമസം സംഭവിച്ചതെന്ന് സ്ഥിരീകരിച്ച MIA വക്താവ് ഇതോടെ Apron 9ലെ വിമാനങ്ങള്‍ക്കായി ഫോളോമീ വാഹനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നതായി വെളിവാക്കി. കൂടുതല്‍ സുരക്ഷയ്ക്കായി, ഗ്രൗണ്ട് ഓപ്പറേഷന്‍ സമയത്ത് വിമാനങ്ങളെ നയിക്കാന്‍ എയര്‍പോര്‍ട്ടുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഫോളോ മി കാറുകള്‍.