ദേശീയം

തീരരക്ഷാസേനയുടെ ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു; മലയാളി ഉദ്യോ​ഗസ്ഥന് വീരമൃത്യു

പോർബന്തർ : ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ​ഗാർഡ് ഹെലികോപ്റ്റർ അപകടത്തില്‍ മലയാളിയായ ഉദ്യോ​ഗസ്ഥന് വീരമൃത്യു. ഹെലികോപ്റ്ററിന്‍റെ പ്രധാന പൈലറ്റും കോസ്‌റ്റ്‌ ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്‍ററുമായ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്.

പോർബന്തർ തീരത്ത് നിന്ന് 45 കിലോമീറ്റർ അകലെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. ഹരിലീല എന്ന മോട്ടോർടാങ്കിൽ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് അറബിക്കടലിൽ പതിക്കുകയായിരുന്നു.

രണ്ടു പൈലറ്റുമാരടക്കം നാലുപേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. വിപിൻ ബാബുവിന്‍റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെ കൊച്ചിയിൽ എത്തിക്കും. വ്യോമസേന റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ആർ സി ബാബുവിന്‍റെയും ശ്രീലതാ ബാബുവിന്‍റെയും മകനാണ് വിപിൻബാബു.

ഭാര്യ: പാലക്കാട് പുത്തൻവീട്ടിൽ മേജർ ശില്പ (മിലിറ്ററി നഴ്‌സ്, ഡൽഹി). മകൻ: സെനിത് (അഞ്ച്). ഇവർ കുടുംബമായി ഡൽഹിയിലാണ് താമസം. മൂന്നുമാസം മുൻപാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button