ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതിയിൽ നിയന്ത്രണങ്ങളുമായി ബ്രിട്ടൻ
ബ്രിട്ടൻ: ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതിയിൽ നിയന്ത്രണങ്ങളുമായി ബ്രിട്ടീഷ് ഭരണകൂടം. 350 ആയുധ കയറ്റുമതി ലൈസൻസുകളിൽ 30 എണ്ണവും സസ്പെൻഡ് ചെയ്യുമെന്നാണ് യു.കെ വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ആയുധ വിതരണം നിര്‍ത്തിവെക്കുന്നത്. ആയുധങ്ങള്‍ ഇസ്രായേലിന്റെ കയ്യിലെത്തിയാലുള്ള അപകട സാധ്യത മുന്നില്‍കണ്ട് കൂടിയാണ് തീരുമാനം എന്നാണ് ബ്രിട്ടന്‍ വ്യക്തമാക്കുന്നത്.
ഗസ്സയില്‍ പ്രയോഗിക്കുന്ന ആയുധങ്ങള്‍ക്കാണ് ഭാഗിക നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും എന്നാല്‍ എഫ്-35 യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പാർലമെൻ്റിനെ അറിയിച്ചു.
സൈനിക വിമാനങ്ങൾ, ഹെലികോപ്ടറുകള്‍, ഡ്രോണുകൾ, ഗ്രൗണ്ട് ടാർഗറ്റിങ് സുഗമമാക്കുന്ന വസ്തുക്കൾ എന്നിവയാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട 30 ലൈസൻസുകളിൽ വരുന്നത്. അതേസമയം ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ആയുധ ഉപരോധം അല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ യു.കെ പിന്തുണയ്ക്കുന്നത് തുടരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ജൂലൈയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിന് തൊട്ടുപിന്നാലെ, ഇസ്രായേലിനുള്ള ആയുധ വിൽപ്പനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വിശദീകരിക്കുമെന്ന് ലാമി വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായേല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ലാമി പറഞ്ഞിരുന്നു.
അതേസമയം ബ്രിട്ടന്റെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് രംഗത്ത് എത്തി. ഹമാസിനും ഇറാനുമെതിരായ നീക്കങ്ങളില്‍ ബ്രിട്ടന്റെ തീരുമാനം ഗുണം ചെയ്യില്ലെന്നായിരുന്നു ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. തീരുമാനത്തിൽ താൻ വളരെയധികം നിരാശനാണെന്നായിരുന്നു യോവ് ഗാലന്റിന്റെ പ്രതികരണം.