ദേശീയം

ഒരാൾ തെറ്റുകാരനായാൽ അയാളുടെ വീട് പൊളിക്കാമോ? ബുൾഡോസർ രാജിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ബുൾഡോസർ രാജ് നടപ്പാക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. ക്രിമിനൽ കേസുകളിൽ ആരോപണവിധേയനായ ഒരാളുടെ വീടെന്നതിന്റെ പേരിൽ എന്തിനാണ് അത് പൊളിക്കുന്നതെന്ന് കോടതി ചോദിച്ചു. രാജ്യത്താകെ ബുൾഡോസർ നീതി നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെ കോടതി ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് അതിരൂക്ഷ പ്രതികരണം.

ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ക്രമിനൽ കേസിൽ ഉൾപ്പെട്ടതുകൊണ്ട് വീടുകൾ പൊളിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര സർക്കാരിന് വേണ്ടി കോടതിയെ അറിയിച്ചു. അനധികൃത കെട്ടിടമാണെങ്കിൽ മാത്രമേ പൊളിക്കേണ്ടതുള്ളു എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ തയ്യാറാണ്. ഒരാൾ കുറ്റാരോപിതനോ, കുറ്റക്കാരനാണെന്ന് തെളിയിക്കുകയോ ചെയ്‌താൽ തന്നെ എന്തിനാണ് ആ വ്യക്തിയുടെ വീട് പൊളിക്കുന്നതെന്നും ജസ്റ്റിസ് ഗവായ് ചോദിച്ചു. ഇതിനൊരു കൃത്യമായ നിയമം ഉണ്ടാക്കണമെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു.

നിങ്ങൾ പറയുന്നത് പ്രകാരം മുനിസിപ്പൽ നിയമലംഘനത്തിനാണ് ഇതുവരെ നടപടിയെടുത്തത്. ആദ്യം മുൻകൂട്ടി നോട്ടീസ് നൽകണം. അതിന് മറുപടി നൽകിയില്ലെങ്കിൽ മാത്രം ബാക്കി നടപടിക്രമങ്ങളിലേക്ക് കടക്കണമെന്നും ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു. അനധികൃത നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല. പക്ഷ, ഇത്തരം പൊളിക്കലുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറ‌ഞ്ഞു.

ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, സിയു സിംഗ് എന്നിവർ ഡൽഹിയിലെ ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കൽ വിഷയം ചൂണ്ടിക്കാട്ടി. 60 വർഷമായുള്ള വീടുകളാണ് പൊളിച്ചത്. അതും ഉടമയുടെ മകൻ കേസിൽ ഉൾപ്പെട്ടെന്ന പേരിലാണ്. ഒരു കേസ് മദ്ധ്യപ്രദേശിലും മറ്റേത് ഉദയ്‌പൂരിലുമാണെന്ന് അഭിഭാഷകർ പറഞ്ഞു. ഉദയ്‌പൂരിൽ ഒരു വിദ്യാർത്ഥി സഹപാഥിയെ കുത്തിയ കേസിലാണ് വീട് പൊളിച്ചത്. ഒരാളുടെ മകൻ പ്രശ്‌നക്കാരനാണെങ്കിൽ അയാളുടെ വീട് പൊളിക്കുന്നതാണോ ഉചിതമായ കാര്യമെന്ന് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button