സൈനിക പിൻമാറ്റത്തിന് ഒരുക്കമല്ലെന്ന് ഇസ്രായേൽ; മന്ത്രിസഭായോഗത്തിൽ പ്രതിരോധമന്ത്രിയും നെതന്യാഹുവും തമ്മിൽ വാഗ്വാദം
ദുബൈ: ഈജിപ്ത്,ഗസ അതിർത്തിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് സൈനിക പിൻമാറ്റത്തിന് ഒരുക്കമല്ലെന്ന നിലപാടിലുറച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയുടെ സമ്മർദത്തിനിടയിലും വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിക്കാൻ തന്നെയാണ് നെതന്യാഹുവിന്‍റെ നീക്കം. തെൽ അവീവിൽ ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും നെതന്യാഹുവും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ട്.
ബന്ദിമോചനമാണ് പ്രധാനമെന്നും ഫിലാഡെൽഫി കോറിഡോറിലെ സൈനിക സാന്നിധ്യത്തിന്‍റെ പേരിൽ ചർച്ച പരാജയപ്പെടുത്തരുതെന്നും മന്ത്രി യോവ് ഗാലന്റ് ആവശ്യപ്പെട്ടതാണ് നെതന്യാഹുവിനെ രോഷം കൊള്ളിച്ചത്. വെസ്റ്റ് ബാങ്കിലും സ്ഫോടനാത്മക സാഹചര്യം മാറ്റമില്ലാതെ തുടരുകയാണ്. ജെനിൻ അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ ആക്രമണം നടത്തി.പ്രദേശത്തേക്ക് വന്ന രണ്ട് കവചിത വാഹനങ്ങൾ തകർത്തമായി പലസ്തീൻ അനുകൂലികൾ അറിയിച്ചു. വെസ്റ്റ് ബാങ്കിലെയും ഇസ്രായേൽ ലബനാൻ അതിർത്തിയിലെയും സംഘർഷങ്ങളിൽ യൂറോപ്യൻ യൂനിയൻ അതീവ ആശങ്ക രേഖപ്പെടുത്തി. ഗസ്സയിലും ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്.
അതിനിടെ, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഗസ്സയിൽ പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച ആരംഭിക്കും. 2000ത്തോളം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വാക്സിനേഷൻ നടപ്പാക്കുക. 10 വയസിന് താഴെയുള്ള 6.40 ലക്ഷം കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 1.26 ദശലക്ഷം ഡോസ് വാക്സിൻ ഗസ്സയിൽ എത്തിച്ചിട്ടുണ്ട്.നാല് ലക്ഷം ഡോസ് വാക്സിൻകൂടി ഉടൻ എത്തും. 90 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം. വാക്സിനേഷന് മൂന്നുദിവസം ഭാഗികമായി മാത്രം ആക്രമണം നിർത്താമെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണം മൂലമാണ് ഗസ്സയിൽ വാക്സിനേഷൻ മുടങ്ങിയത്.