ദേശീയം

മൂന്നു സഖ്യകക്ഷികൾക്ക് എതിർപ്പ്, വഖഫ് ബോർഡ് നിയമത്തിനുള്ള ആദ്യ പാർലമെന്ററി യോഗത്തിൽ ബിജെപി പ്രതിരോധത്തിൽ

ന്യൂഡൽഹി: സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ വഖഫ് ഭേദഗതി ബില്ലിൽ സംയുക്ത സമിതിയുടെ ആദ്യ സിറ്റിങ്ങിൽ പ്രതിരോധത്തിലായി ബി.ജെ.പി. എൻ.ഡി.എ ഘടക കക്ഷികളടക്കം ​മോദി സർക്കാരിന്റെ നിലപാടുകളോട് വിയോജിച്ചതോടെയാണ് യോഗത്തിൽ ​ബി.ജെ.പി ​ഒറ്റപ്പെട്ടത്. വ്യാഴാഴ്ച പാർലമെന്റ് അനക്സിലാണ് 31 അംഗ പാർലമെന്റ് സമിതിയുടെ പ്രാഥമിക യോഗം നടന്നത്. യോഗം മണിക്കൂറുകളാണ് നീണ്ടത്. യോഗം തൃപ്തികരമാണെന്നാണ് ​സമിതി ചെയർപേഴ്സൺ ജഗദാംബിക പാലിന്റെ അവകാശവാദം.

സമിതിയിൽ ബില്ലുമായി ബന്ധപ്പെട്ട് മന്ത്രാലയം അവതരിപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്ന് അംഗങ്ങൾ തുറന്നുപറഞ്ഞതോടെയാണ് ചർച്ച കൊഴുത്തത്. റിപ്പോർട്ട് അവതരിപ്പിച്ച സെക്രട്ടറി സമഗ്രമായല്ല അവതരിപ്പിച്ചത്. അവതരണത്തിൽ വഖഫ് ബില്ലിന്റെ ചരിത്രമോ ബില്ലിന്റെ ആവശ്യകതയടക്കമുള്ള വിശദാംശങ്ങളോ ഇല്ലായിരുന്നുവെന്നാണ് ഒരംഗം പ്രതികരിച്ചത്.

പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ല് പ്രതിപക്ഷ​ത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് സംയുക്ത സമിതിക്ക് വിടുന്നത്. രണ്ടാഴ്ചക്ക് ശേഷമാണ് യോഗം ചേർന്നത്. യോഗത്തിൽ ബി.ജെ.പിയുടെ സഖ്യകക്ഷികളായ ജെ.ഡി (യു), എൽ.ജെ.പി (രാംവിലാസ്), ടി.ഡി.പി എന്നിവർ നിഷ്പക്ഷ നിലപാടുകളാണ് സ്വീകരിച്ചത്. ടി.ഡി.പിയും ജെ.ഡി.യുവും മുസ്‍ലിം സംഘടനകൾ പ്രകടിപ്പിക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് തുറന്ന് പറയുകയും ചെയ്തതോടെ ബി.ജെ.പി പ്രതിരോധത്തിലായെന്നും യോഗത്തിൽ ബി.ജെ.പി ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാർലമെൻററി കമ്മിറ്റിക്ക് പ്രത്യേകാവകാശമുള്ളതാണ്, അതുകൊണ്ട് തന്നെ യോഗങ്ങളിൽ അംഗങ്ങൾ തമ്മിലുള്ള ചർച്ചകളുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടാറില്ല. യോഗത്തിൽ പ​ങ്കെടുത്ത പ്രതിനിധികൾ അനൗദ്യോഗികമായി മാധ്യമങ്ങളോട് പറഞ്ഞതും എക്സ് അടക്കമുള്ള മാധ്യമങ്ങളിലെഴുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. സമത്വം, മതസ്വാതന്ത്ര്യം, മതസ്ഥാപനങ്ങൾ രൂപീകരിക്കാനും പരിപാലിക്കാനുമുള്ള അവകാശം എന്നിവയ്‌ക്ക് എതിരാണ് ബില്ലിന്റെ അടിസ്ഥാന സ്വഭാവമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

ബില്ലിനെക്കുറിച്ച് പാർട്ടി ഇതുവരെ ഒരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് എൻ.ഡി.എ ഘടക കക്ഷിയായ ജെ.ഡി.യുവിന്റെ നേതാവ് ദേശീയമാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടി നേതാക്കൾ വിവിധ മുസ് ലിം സംഘടനകളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ ബില്ലിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്, അത് പൂർത്തിയായാൽ ഞങ്ങളുടെ പ്രതിനിധി യോഗത്തിൽ പാർട്ടിയുടെ അഭിപ്രായം വെളിപ്പെടുത്തുമെന്ന് ജെ.ഡി.യു നേതാവ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button