13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അമേരിക്കൻ ബർഗർ കിങ്ങിനെതിരെ പൂനെ ബർഗർ കിങ്ങിന് ജയം
മുംബൈ: യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബർഗർ കിങ് കോർപറേഷനുമായുള്ള ട്രേഡ്മാർക് നിയമപോരാട്ടത്തിൽ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം. പുണെയിലെ ബർഗർ കിങ് എന്ന സ്ഥാപനം അനുമതിയില്ലാതെ തങ്ങളുടെ പേര് ഉപയോഗിക്കുന്നെന്ന് കാണിച്ച് ബർഗർ കിങ് കോർപറേഷൻ പരാതിനൽകുകയായിരുന്നു. 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പുണെയിലെ ബർഗർ കിങ്ങിന് അനുകൂല വിധി വന്നത്.
ബർഗർ കിങ് എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് പുണെയിലെ സ്ഥാപനത്തെ വിലക്കണമെന്നായിരുന്നു ബർഗർ കിങ് കോർപറേഷന്‍റെ ആവശ്യം. എന്നാൽ, 1992 മുതൽ പുണെയിലെ ബർഗർ കിങ് ഈ പേര് ഉപയോഗിച്ചുവരുന്നുണ്ടെന്നും അമേരിക്കൻ ബർഗർ കിങ് ഇന്ത്യയിൽ ട്രേഡ്മാർക് രജിസ്റ്റർ ചെയ്യുന്നതിനും മുമ്പേയാണിതെന്നും പുണെയിലെ കോടതിയിലെ ജഡ്ജി വേദ്പതക് ചൂണ്ടിക്കാട്ടി.
യു.എസ് കമ്പനി കേസ് കൊടുത്തതിന് പിന്നാലെ പുണെയിലെ സ്ഥാപനം ബർഗർ എന്ന് മാത്രമായി പേര് മാറ്റിയിരുന്നു. എന്നാൽ, ഏറെ ആരാധകരുള്ള, ഭക്ഷ്യപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ സ്ഥാപനം പേരിനായി നിയമപോരാട്ടം തുടർന്നു. അങ്ങനെ, 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബർഗർ കിങ് എന്ന പേര് പുണെയിലെ സ്ഥാപനത്തിന് ഉപയോഗിക്കാമെന്ന വിധിയുണ്ടായിരിക്കുന്നത്.