സ്പോർട്സ്

വൈകാരിക വരവേൽപ്പ് ഏറ്റുവാങ്ങി വിനേഷ് ഫോഗട്ട്, ഡൽഹിയിൽ സ്വീകരിക്കാനെത്തിയത് വൻ ജനാവലി

പാരിസ്: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹിയിൽ ഉജ്വല സ്വീകരണം. പാരിസ് ഒളിംപിക്സ് സമാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് വിനേഷ് ഫോഗട്ട് ഡൽഹിയിലെത്തിയത്. ഗുസ്തി താരങ്ങളായ ബജ്‍രങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരും നൂറു കണക്കിന് ആരാധകരും വിനേഷിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെ വിനേഷിന്റെ കണ്ണുകൾ നിറഞ്ഞു. സ്വീകരണത്തിനിടെ പല തവണ വിനേഷ് വൈകാരികമായാണു പ്രതികരിച്ചത്.

രാജ്യം നൽകിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്നു ഗുസ്തി താരം പറഞ്ഞു. വിനേഷ് ഫോഗട്ടിന്റെ കുടുംബവും ഡൽഹിയിലെത്തിയിരുന്നു. സ്വർണ മെ‍ഡൽ നേടുമ്പോഴുള്ളതിനേക്കാള്‍ വലിയ ആദരവാണ് വിനേഷിന് രാജ്യം നൽകുന്നതെന്ന് മാതാവ് പ്രേംലത ഡൽഹി വിമാനത്താവളത്തിൽ പ്രതികരിച്ചു. ‘‘വിനേഷിനെ സ്വീകരിക്കാനായി ഞങ്ങളുടെ ഗ്രാമത്തിൽനിന്നും അടുത്ത ഗ്രാമത്തിൽനിന്നും എല്ലാവരും ഇവിടെ എത്തിയിട്ടുണ്ട്. അവള്‍ എനിക്കൊരു ചാംപ്യനാണ്.’’– വിനേഷിന്റെ അമ്മ വ്യക്തമാക്കി.

ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് വിനേഷ് ഫോഗട്ടിനെ 50 കിലോ ഗ്രാം ഗുസ്തിയിൽനിന്ന് അയോഗ്യയാക്കിയത്. തുടർച്ചയായി മൂന്നു മത്സരങ്ങൾ ജയിച്ച് ഫൈനലിൽ കടന്നതിനു പിന്നാലെ നടത്തിയ ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ടിന് 2.700 കിലോഗ്രാം ഭാരം കൂടുതലായിരുന്നു. തുടർന്ന് മത്സരത്തലേന്ന് രാത്രി കഠിനമായി അധ്വാനിച്ചാണ് ഭാരം കുറച്ചത്. ഒടുവിൽ ഭാരപരിശോധനയിൽ 100 ഗ്രാം കൂടിയതോടെ താരത്തെ അയോഗ്യയാക്കുകയും ചെയ്തു. ഇതിനെതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക തർക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. താരത്തിന്റെ വാദം വിശദമായി കേട്ട ശേഷമാണ് അപ്പീൽ തള്ളിയത്. ഫൈനലിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കിയ സാഹചര്യത്തിൽ, സംയുക്ത വെള്ളിമെഡലിന് അവകാശവാദം ഉന്നയിച്ചാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button