കേരളം

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; ഹൈക്കോടതി തീരുമാനത്തിന് കാത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട്് ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് ഹേമ കമ്മീഷന് മൊഴി നല്‍കിയ ആള്‍ എന്ന നിലയില്‍ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച കോടതിയില്‍ കേസ് പരിഗണിച്ചതിന് ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.

വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തര്‍ക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. അതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവര്‍ക്ക് പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്ന തീരുമാനത്തില്‍ സാംസ്‌കാരിക വകുപ്പ് എത്തിയത്.

നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19-ാം തീയതി വരെ സര്‍ക്കാരിന് സമയമുണ്ട്. അതിനാല്‍ അല്‍പം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനാണ് നീക്കം. 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല. 2017 ജൂലായ് 1നാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടര വര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button