ഷിരൂരിൽ അർജുനായി വീണ്ടും തിരച്ചിൽ; ഈശ്വർ മൽപെ ഗംഗാവലിയിൽ ഇറങ്ങി
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും തിരച്ചിലിനായി പുഴയിൽ ഇറങ്ങി. അതേസമയം, ഡ്രഡ്ജര്‍ കൊണ്ടുവരുന്നതില്‍ കേരള സര്‍ക്കാര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നും സതീഷ് കൃഷ്ണ സെയിൽ എംഎല്‍എ കുറ്റപ്പെടുത്തി. പണം മുന്‍കൂര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളം ഡ്രഡ്ജര്‍ എത്തിച്ചില്ലെന്നാണ് വിമര്‍ശനം.
തിരച്ചിലിന് അനുകൂല കാലാവസ്ഥയാണെന്ന് കാർവാർ എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് രണ്ട് നോട്ട്സായി കുറഞ്ഞു.നദിയിലെ ഒഴുക്ക് സാധാരണ നിലയിലായിട്ടും തിരച്ചിൽ ആരംഭിക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് എകെഎം അഷ്റഫ് എം.എൽ.എ രംഗത്തെത്തിയിരുന്നു. അർജുന്റെ കുടുംബത്തോടൊപ്പം കലക്ടറെ കാണുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു.ഇന്ന് രാവിലെ നാവികസേനയുടെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇതിന് അനുമതി നൽകിയില്ല. എന്നാൽ പിന്നീട് സ്ഥലം എം.എൽ.എയും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫും ഇടപെട്ട് ഈശ്വർ മൽപെയെ ഇവിടെയെത്തിക്കുകയായിരുന്നു.
പ്രതികൂല കാലവസ്ഥയെ തുടർന്നും ശക്തമായ അടിയൊഴുക്കിനെ തുടർന്നുമാണ് 14-ാം ദിവസം ഷിരൂരിലെ തിരച്ചിൽ നിർത്തിവച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നാവികസേന എത്താതിരുന്നതോടെ പ്രതിസന്ധി നേരിടുകയായിരുന്നു. പുഴയിലെ ഡൈവിംഗിന് ജില്ലാ ഭരണകൂടം അനുമതി നൽകാത്തതാണ് കാരണം.