കേരളം

പ്രധാനമന്ത്രി കണ്ണൂരിൽ; ഹെലികോപ്ടറിൽ വയനാട്ടിലേക്ക് ഉടൻ പുറപ്പെടും; പാക്കേജ് പ്രഖ്യാപിക്കുമോ ?

വയനാട് പുനർനിർമാണത്തിനായി കേന്ദ്രത്തോട് കേരളം ചോദിക്കുന്നത് 2000 കോടിയുടെ അടിയന്തര സഹായം

കണ്ണൂർ/കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഉടൻ വയനാടിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വ്യോമസേനാ ഹെലികോപ്ടറിൽ പുറപ്പെടും.

12.15ഓടെ ഹെലികോപ്ടർ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും. തുടർന്ന് കൽപറ്റയിലെ എസ്.കെ.ജെ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. ഇവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. മൂന്ന് മണിക്കൂറോളം മോദി വയനാട്ട് തുടരുമെന്നാണു കരുതപ്പെടുന്നത്.

ഉരുൾപൊട്ടൽ ബാധിത മേഖലകൾ സന്ദർശിക്കുന്നതിന്‌ ശനിയാഴ്‌ച പ്രധാനമന്ത്രി എത്തുമ്പോൾ പ്രതീക്ഷയോടെയാണ്‌ കേരളം കാത്തിരിക്കുന്നത്‌. മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്നതാണ്‌ കേരളത്തിന്റെ ആവശ്യം. മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും കേന്ദ്രത്തോട്‌ ഇക്കാര്യം ആവർത്തിച്ച്‌ ആവശ്യപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി ശനിയാഴ്‌ച വയനാട്ടിൽ സമഗ്ര സഹായ പാക്കേജ്‌ പ്രഖ്യാപിക്കുമെന്നാണ്‌ വിലയിരുത്തൽ.

വയനാട് ദുരന്തബാധിത പ്രദേശം സന്ദർശിച്ച കേന്ദ്ര സംഘത്തോട് അടിയന്തര പുനരധിവാസത്തിന് തുക ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടിയാണ് ആവശ്യപ്പെട്ടത്. ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കേണ്ടതുണ്ട്. കുറഞ്ഞത് 90 ദിവസം ഇതിനായി വേണ്ടി വരും. നിലവിൽ ക്യാമ്പുകൾ തുടരും. ദുരന്ത ബാധിതർക്ക് സമാശ്വാസ തുക അടിയന്തരമായി നൽകേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങൾ ദുരന്തബാധിതരുടെ വായ്പാ തിരിച്ചടവിനായി സമീപിക്കുന്നതിൽ സർക്കാരിന് കർക്കശ നിലപാടാണുള്ളത്. വായ്പാ തിരിച്ചടവിൽ ഇളവ് പ്രഖ്യാപിക്കണമെന്നതുൾപ്പെടെ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button