മേപ്പാടി : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 166 ആയി. മേപ്പാടി പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ 94 പേരുടെ മൃതദേഹം എത്തിച്ചിട്ടുണ്ട്. ഇതിൽ 20 പേരെയാണ് ഇനി തിരിച്ചറിയാനുള്ളത്. ഇന്ന് മാത്രം ആറ് പേരുടെ മൃതദേഹം എത്തിച്ചു. ഇന്നെത്തിച്ച മൃതദേഹങ്ങളിൽ ഒരാളെ മാത്രമാണ് തിരിച്ചറിയാനുള്ളത്.
ചാലിയാർ പുഴയിൽ നിന്ന് ലഭിച്ച 72 പേരുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അതിൽ 43 മൃതദേഹങ്ങളും 29 മൃതദേഹാവശിഷ്ടങ്ങളുമാണ്. ഇതുവരെ നാല് പേരെ മാത്രമാണ് തിരിച്ചറിയാനായത്. ചൂരൽമലയിൽനിന്ന് ചാലിയാറിലൂടെ പോത്തുകല്ലിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളാണിത്. ഇന്ന് മാത്രം ചാലിയാർ പുഴയിൽ നിന്ന് 11 മൃതദേഹവും 4 ശരീരഭാഗങ്ങളും ലഭിച്ചു. ചാലയാർ പുഴയുടെ തീരങ്ങളിൽ കൂടുതൽ തിരച്ചിൽ നടത്തുന്നുണ്ട്. ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ച് മൃതദേഹങ്ങൾ മേപ്പാടി സിഎച്ച്എസ്‍സിയിലേക്ക് കൊണ്ടുപോകാനാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച 34 മൃതദേഹങ്ങളും 26 മൃതദേഹ അവശിഷ്ടങ്ങളുമാണ് കൊണ്ടുപോകുന്നത്. 28 ആംബുലൻസുകൾ ഇതിനായി ഫ്രീസർ സൗകര്യത്തോടെ സജ്ജമാക്കിയിട്ടുണ്ട്. ആദ്യ 15 ആംബുലൻസുകൾ നിലമ്പൂരിൽ നിന്ന് ഉടൻ പുറപ്പെടും. നാടുകാണിചുരം വഴിയാണ് മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കുന്നത്.
നിലവിൽ 99 പേരാണ് അഞ്ചു ക്യാമ്പുകളിലായി ഉള്ളത് (വയനാട്-98, മലപ്പുറം-1). ആകെ 195 പേർ ആശുപത്രികളിൽ എത്തി. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.