കേരളം

നിപ : മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം: പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ്. നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.

നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. കുട്ടിയെ ചികിത്സിച്ച നഴ്സ് ഉൾപ്പെടെ രണ്ട് പാലക്കാട് ജില്ലക്കാർ നിരീക്ഷണത്തിലാണ്. ചികിത്സക്ക് എത്തിയ ആശുപത്രിയിൽ ഇതേസമയം ചികിത്സക്ക് വന്ന തിരുവനന്തപുരം സ്വദേശിക്ക് കടുത്ത പനിയുണ്ടായിരുന്നു. ഇദ്ദേഹത്തിനെപ്പം ഉണ്ടായിരുന്ന മറ്റെരാളും ഇവരോടെപ്പം സഞ്ചരിച്ച മറ്റു രണ്ടുപേരും ഉൾപ്പെടെ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ രണ്ടുപേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സമ്പർക്ക പട്ടികയിലെ 194 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. ഇതിൽ 139 പേരും ആരോഗ്യ പ്രവർത്തകരാണ്. 7239 വീടുകളിൽ സർവേ നടത്തിയതിൽ 439 പേർക്ക് പനിയുണ്ട്. ഇതിൽ നാലുപേർ മാത്രമാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കമുള്ളത്.പാണ്ടിക്കാട് 14കാരന് നിപ ബാധിച്ചത് അമ്പഴങ്ങയിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. അമ്പഴങ്ങ ഭക്ഷിച്ച സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്ര സംഘം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വാവ്വാലുകളിൽ കണ്ടെത്തിയ അതേ വകഭേദമാണ് പാണ്ടിക്കാട്ടെ കുട്ടിയുടെ ശരീരത്തിലും പ്രവേശിച്ചത്. നിപയു​ടെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് പരിശോധനകൾ തുടങ്ങിയിട്ടുണ്ട്. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ളവരെ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button