മാൾട്ടയുടെ സാമ്പത്തിക നയങ്ങൾ തെറ്റായ ദിശയിലെന്ന മുന്നറിയിപ്പുമായി ചെറുകിട വ്യവസായികൾ
മാള്‍ട്ടയുടെ സാമ്പത്തിക നയങ്ങള്‍ തെറ്റായ ദിശയിലെന്ന മുന്നറിയിപ്പുമായി ചെറുകിട വ്യവസായികള്‍. ചേംബര്‍ ഓഫ് എസ്എംഇ നടത്തിയ സര്‍വേയിലാണ് പങ്കെടുത്തവരില്‍ 79 ശതമാനവും മാള്‍ട്ടയുടെ സാമ്പത്തികനയങ്ങളില്‍ വിരുദ്ധ അഭിപ്രായം രേഖപ്പെടുത്തിയത്.
പണപ്പെരുപ്പത്തെ ചെറുക്കുന്നതിന്, വെള്ളം, മദ്യം ഇതര പാനീയങ്ങള്‍, ഷാംപൂ, മുടി ഉല്പന്നങ്ങള്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ SISA നികുതി ഒഴിവാക്കണമെന്ന് ചേംബര്‍ നിര്‍ദ്ദേശിച്ചു.
മാള്‍ട്ടയുടെ പണപ്പെരുപ്പനിരക്ക് മെയ് മുതല്‍ ജൂണ്‍ വരെ 2.2% ല്‍ നിന്ന് 2.1% ആയി കുറഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ അമിതമായ ജനസംഖ്യാ വളര്‍ച്ചയെ അഭിസംബോധന ചെയ്യുന്നതില്‍ സുസ്ഥിര വികസനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ചേംബര്‍ ഈ വികസനത്തെ പിന്തുണയ്ക്കുന്നതിന് അടിസ്ഥാനസൗകര്യ നിക്ഷേപത്തില്‍ ഊന്നല്‍ നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടിയുടെ 2022 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് അനുസൃതമായി ബിസിനസ്സ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നികുതി കുറയ്ക്കണമെന്നും
ചേംബര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് സാമ്പത്തിക ആത്മവിശ്വാസം പുനഃസ്ഥാപിക്കാനും അനുകൂലമായ ബിസിനസ് അന്തരീക്ഷം വളര്‍ത്തിയെടുക്കാനും അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. തൊഴിലാളികളുടെ കുറവ്, മത്സരം, പണപ്പെരുപ്പം തുടങ്ങിയവയാണ് മാള്‍ട്ട നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഈ ശുപാര്‍ശകള്‍ ഗൗരവമായി കാണണമെന്നും രാഷ്ട്രീയ പരിഗണനകളേക്കാള്‍ രാജ്യത്തിന്റെ മികച്ച താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ചേംബര്‍ ഓഫ് എസ്എംഇ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.