മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ്
മലപ്പുറം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള 15കാരനാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ് ആയതോടെയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ സംസ്ഥാന പരിശോധനയിൽ പോസിറ്റീവായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 മുറികൾ സജ്ജീകരിച്ചു. ഹൈ റിസ്ക് ഉള്ളവരുടെ സാമ്പിൾ പരിശോധിക്കും.
മറ്റ് ജില്ലകളിലുള്ള ഉദ്യോഗസ്ഥരും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പക്കുള്ള എല്ലാ പ്രേട്ടോക്കോളും ചെയ്തതായി മന്ത്രി അറിയിച്ചു. നിപയുടെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന മലപ്പുറം പാണ്ടിക്കാടിന് ചുറ്റുള്ള മൂന്ന് കിലോമീറ്ററിൽ നിയന്ത്രണമേർപ്പെടുത്തി.
ഇന്ന് പുലർച്ചയോടെയാണ് പാണ്ടിക്കാട് ഉള്ള കുട്ടിക്ക് നിപ സംശയിക്കുന്നതായി അറിഞ്ഞത്. ചികിത്സയിലുള്ള 15 വയസുകാരൻ ഗുരുതരാവസ്ഥയിലാണ്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമ്പർക്കപട്ടികയിലുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റും. 15കാരനു നേരത്തെ ചെള്ളുപനി സ്ഥിരീകരിച്ചിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കുട്ടിയുടെ അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.