കോപ്പ അമേരിക്ക : റെക്കോര്‍ഡിടാന്‍ അര്‍ജന്റീന; രണ്ടാം കിരീടം ലക്ഷ്യമിട്ട് കൊളംബിയ
ന്യൂയോര്‍ക്ക് : അര്‍ജന്റീനയ്ക്കും ലയണല്‍ മെസിക്കും വീണ്ടും ഒരു കിരീടപ്പോരാട്ടം. ഇത്തവണ കോപ്പ അമേരിക്കയിലെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനുള്ള പോരാട്ടമാണ്. ലോകകിരീട ജേതാക്കളുടെ എതിരാളികള്‍ കൊളംബിയയാണ്. മയാമിയിലെ ഹാര്‍ഡ്റോക്ക് സ്റ്റേഡിയത്തില്‍ നാളെ പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ഫൈനല്‍.
ഡി മരിയയയുടെ വിടവാങ്ങല്‍ മത്സരത്തില്‍ കപ്പുയര്‍ത്തകയല്ലാതെ അര്‍ജന്റീന അതിനപ്പുറം വിജയശില്‍പിയായ താരത്തിന് മറ്റെന്തുനല്‍കാനാണ്.16 വര്‍ഷത്തിനുശേഷമാണ് മുപ്പത്താറുകാരന്‍ ദേശീയ കുപ്പായമഴിക്കുന്നത്. ഒരുപക്ഷേ ടൂര്‍ണമെന്റിനുശേഷം മെസിയും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കാം. ജയിച്ചാല്‍ 16-ാം കോപ്പയെന്ന റെക്കൊഡിലെത്തും അര്‍ജന്റീന. നിലവില്‍ 15 ട്രോഫികളുള്ള ഉറുഗ്വേക്കൊപ്പമാണ്. മൂന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാം ഫൈനലാണ് മെസിക്കും കൂട്ടര്‍ക്കും. തൊട്ടതെല്ലാം പൊന്നാക്കി. 2021ല്‍ കോപ്പയില്‍ ബ്രസീലിനെ വീഴ്ത്തിയുള്ള ജൈത്രയാത്ര തുടരുകയാണ്. 2022ല്‍ ഫ്രാന്‍സിനെ മുട്ടുകുത്തിച്ച് ലോകകപ്പും ഉയര്‍ത്തി. ഇതിനിടെ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ ട്രോഫിയും നേടിയിരുന്നു.
എല്ലാ കളിയും ജയിച്ച് മുന്നേറിയാണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം. ആദ്യ കളിയില്‍ പരിക്കേറ്റ് മെസി പുറത്തായത് ക്ഷീണം ചെയ്തു. ടൂര്‍ണമെന്റില്‍ ഗോളടിക്കാതിരുന്ന മുന്നേറ്റക്കാരന്‍ കാനഡയ്ക്കെതിരായ സെമിയില്‍ തനിനിറം കാട്ടി. ഗോളടിക്കുകയും തകര്‍പ്പന്‍ കളി പുറത്തെടുക്കുകയും ചെയ്തു. മുന്നേറ്റത്തില്‍ മാര്‍ട്ടിനെസും ജൂലിയന്‍ അല്‍വാരസുമാണ് മറ്റ് കരുത്തര്‍. മധ്യനിരയിലും പ്രതിരോധത്തിലും ഒത്തിണക്കമില്ലാത്തത് പോരായ്മയാണ്. ക്വാര്‍ട്ടറില്‍ ഇക്വഡോറിനോട് ഷൂട്ടൗട്ടിലാണ് ജയിച്ചുകയറിയത്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് രക്ഷകനായി.
കൊളംബിയ പഴയ ടീമല്ല. അവസാന 28 കളിയിലും തോറ്റിട്ടില്ല അവര്‍. അര്‍ജന്റീനക്കാരനായ പരിശീലകന്‍ നെസ്റ്റര്‍ ലൊറെന്‍സോയ്ക്ക് കീഴിലാണ് കുതിപ്പ്. പരിചയസമ്പന്നനായ ക്യാപ്റ്റന്‍ ഹാമേഷ് റോഡ്രിഗസാണ് കുന്തമുന. ഒരു ഗോളും ആറ് ഗോളിന് അവസരമൊരുക്കുകയും ചെയ്തു മുപ്പത്തിമൂന്നുകാരന്‍. ലൂയിസ് ഡയസ്, റിച്ചാര്‍ഡ് റിയോസ് എന്നിവരാണ് മറ്റ് പ്രധാനികള്‍. പ്രതിരോധത്തിലെ കരുത്തന്‍ ഡാനിയേല്‍ മുനോസ് സസ്പെന്‍ഷനിലായി കളിക്കാത്തത് കനത്ത തിരിച്ചടിയാകും. 2001ലെ ചാമ്പ്യന്‍മാരുടെ ലക്ഷ്യം രണ്ടാം കിരീടമാണ്.