സ്പോർട്സ്

കോപ്പ അമേരിക്ക : പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാനറികളുടെ ചിറകരിഞ്ഞ് ഉറുഗ്വെ

ന്യൂയോര്‍ക്ക് : കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തില്‍ നിന്നു മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടരില്‍ ഉറുഗ്വെയോടു പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്.

4-2 എന്ന സ്‌കോറിനാണ് ഉറുഗ്വെ വിജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് വിധി നിര്‍ണായം പെനാല്‍റ്റിയിലേക്ക് നീണ്ടത്. സെമിയില്‍ ഉറുഗ്വെ- കൊളംബിയയുമായി ഏറ്റുമുട്ടും.

ഉറുഗ്വെയ്ക്കായി ഫെഡറിക്കോ വാല്‍വര്‍ഡെ, റോഡ്രിഗോ ബെന്റന്‍ക്യുര്‍, ജിയോര്‍ജിയന്‍ ഡി അരസ്‌ക്വേറ്റ, മാനുവല്‍ ഉഗ്രെറ്റ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോസെ ജിമെനെസിനു മാത്രമാണ് പിഴച്ചത്.

ബ്രസീലിനായി അന്‍ഡ്രിസ് പെരേര, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. ആദ്യ കിക്കെടുത്ത എഡര്‍ മിലിറ്റോ, മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസ് എന്നിവര്‍ അവസരം പാഴാക്കി.

നിശ്ചിത സമയത്തിന്റെ 74ാം മിനിറ്റ് മുതല്‍ ഉറുഗ്വെ പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രസീലിനെ അവര്‍ പ്രതിരോധിച്ചു. നഹിതാന്‍ നാന്‍ഡെസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതാണ് അവര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ അവസരം മുതലെടുക്കാന്‍ ബ്രസീലിനു സാധിച്ചതുമില്ല.

മത്സരത്തില്‍ പൊസഷന്‍ കാത്തതും പാസിങില്‍ മുന്നില്‍ നിന്നതുമെല്ലാം ബ്രസീലായിരുന്നു. എന്നാല്‍ ആക്രമണം കൂടുതല്‍ ഉറുഗ്വെ നടത്തി.

കൊളംബിയന്‍ മുന്നേറ്റം

നെസ്റ്റര്‍ ലൊറെന്‍സോയുടെ പരിശീലക മികവില്‍ കൊളംബിയ മുന്നേറ്റം തുടരുന്നു. ക്വാര്‍ട്ടറില്‍ പാനമയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്ത് അവര്‍ കോപ്പ അമേരിക്ക സെമിയിലേക്ക് മുന്നേറി.

എട്ടാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബ, 15ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗസ്, 41ാം മിനിറ്റില്‍ ലൂയിസ് ഡയസ്, 70ാം മിനിറ്റില്‍ റിച്ചാര്‍ഡ് റിയോസ്, ഇഞ്ച്വറി സമയത്ത് മിഗ്വേല്‍ ബോര്‍ജ നേടിയ പെനാല്‍റ്റി ഗോളും ചേര്‍ന്നാണ് കൊളംബിയ അഞ്ച് തികച്ചത്.

മത്സരത്തില്‍ ആക്രമണം കൂടുതല്‍ നടത്തിയ പാനമയായിരുന്നു. എന്നാല്‍ ഏഴ് തവണ മാത്രമാണ് കൊളംബിയ ലക്ഷ്യത്തിലേക്ക് പന്ത് തൊടുത്തത്. അതില്‍ 5 ഓണ്‍ ടാര്‍ഗാറ്റുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button