അന്തർദേശീയം

ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്കായുള്ള പ്രാരംഭ കൂടിയാലോചനക്ക്​ ദോഹയിൽ തുടക്കം

ദുബൈ : ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്കായുള്ള പ്രാരംഭ കൂടിയാലോചനകൾക്ക്​ ഖത്തർ തലസ്​ഥാനമായ ദോഹയിൽ തുടക്കം. ഇസ്രാ​യേൽ ചാരസംഘടനയായ മൊസാദി​​ന്റെ മേധാവി ഡേവിഡ്​ ​ബർണിയ ഇന്നലെ ഖത്തറിലെത്തി നേതാക്കളുമായി ഹമാസ്​ സമർപ്പിച്ച നിർദേശം സംബന്ധിച്ച്​ ചർച്ച നടത്തി. ഹമാസ്​ മുന്നോട്ടു വെച്ച ചില കാര്യങ്ങളിലുള്ള എതിർപ്പ്​ മധ്യസ്ഥ രാജ്യം എന്ന നിലയിൽ ഖത്തറിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ബന്ദികൾക്ക്​ പകരം കൈമാറുന്ന ഫലസ്​തീൻ തടവുകാരുടെ കാര്യത്തിൽ ഹമാസ്​ ഉപാധി സ്വീകാര്യമല്ലെന്നാണ്​ ഇസ്രായേൽ നിലപാട്​. അടുത്ത ആഴ്​ച നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഇസ്രായേൽ സംഘം പ​ങ്കെടുക്കുമെന്ന്​ നെതന്യാഹുവിന്റെ ഓഫീസ്​ അറിയിച്ചു. ചർച്ച ചിലപ്പോൾ ദിവസങ്ങളോ ആഴ്​ചകളോ നീണ്ടേക്കുമെന്ന സൂചനയാണ്​ ഇസ്രായേൽ നൽകുന്നത്​. ഹമാസി​ൻ്റെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും വൈകാതെ വെടിനിർത്തൽ യാഥാർഥ്യമാകുമെന്നും വൈറ്റ്​ ഹൗസ്​ അറിയിച്ചു.

ഇസ്രായേൽ, ഹമാസ്​ ചർച്ചയിൽ യൂറോപ്യൻ യൂണിയനും പ്രത്യാശ പ്രകടിപ്പിച്ചു. ബന്ദികളുടെ മോചനത്തിനായുള്ള കരാറിനെ പിന്തുണ​ക്കുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ പറഞ്ഞു. അതേസമയം, ഗസ്സയിൽ വിദേശ രാജ്യങ്ങളുടെ സംയുക്​ത സേനക്കു കീഴിൽ സുരക്ഷാ മേൽനോട്ടം ഉണ്ടാകണമെന്ന ഇസ്രായേൽ നിർദേശം അനുവദിക്കില്ലെന്ന്​ ഹമാസ്​ മുന്നറിയിപ്പ്​ നൽകി. ഒരു വിദേശ സേനയുടെയും സാന്നിധ്യം ഫലസ്​തീൻ ജനത അംഗീകരിക്കില്ലെന്നും ഹമാസ്​ വ്യക്​തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button