യൂറോ കപ്പ് : മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് ഡച്ച് പട ക്വാർട്ടറിൽ
ബെർലിൻ : എതിരില്ലാത്ത മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് നെതർലാൻഡ്‌സ് യൂറോ കപ്പ് ക്വാർട്ടറിൽ. ഡോൺയെൽ മാലെൻ(83, 90+3) ഇരട്ട ഗോൾനേടി. കോഡി ഗാക്‌പോ (20)യും ഓറഞ്ച് പടക്കായി വലകുലുക്കി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഡച്ച് പട ആദ്യ പകുതിയിൽ തന്നെ ഒരുഗോളിന് മുന്നിലെത്തി.
20ാം മിനിറ്റിൽ യുവതാരം ഗാപ്‌കോയിലൂടെ ഡച്ച് പട ആദ്യഗോൾ കണ്ടെത്തി. ഇടതുവിങിലൂടെ കുതിച്ച് ബോക്‌സിലേക്കെത്തിയ ഗാക്‌പോ പ്രതിരോധത്തെ കബളിപ്പിച്ച് പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗോൾവീണതോടെ ഉണർന്നുകളിച്ച റൊമാനിയ തൊട്ടടുത്ത മിനിറ്റിൽ തന്നെ എതിരാളികളെ വിറപ്പിച്ചു. മധ്യനിരയിൽ നിന്ന് ഇനിയാസ് ഹാഗി ബോക്‌സിലേക്ക് നൽകിയ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ പകുതിയിൽ ഗോൾ നേടാനുള്ള നെതർലാൻഡ്‌സിന്റെ ഡംഫ്രിസ് ഡീപേയുടെ ശ്രമവും വിഫലമായി.
രണ്ടാം പകുതിയിലും മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഓറഞ്ച് ടീം നിരന്തരം എതിർബോക്‌സിലേക്ക് പന്തെത്തിച്ചു. 53ാം മിനിറ്റിൽ മെംഫിസ് ഡീപേയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് പ്രതിരോധത്തിൽ തട്ടിതെറിച്ചു. റീബൗണ്ടിലൂടെ വലയിലാക്കാനുള്ള വാൻഡെകിന്റെ ഹെഡ്ഡർ ശ്രമം പോസ്റ്റിൽതട്ടി മടങ്ങി. കളിയുടെ ഗതിക്ക് അനുകൂലമായി 83ാം മിനിറ്റിൽ രണ്ടാം ഗോളുമെത്തി. ഡോണിയെൽ മാലനാണ് ഇത്തവണ വലകുലുക്കിയത്. ഇടതുവിങിൽ നിന്ന് ഡ്രിബിൾ ചെയ്ത് മുന്നേറി ഗാപ്‌കോ നൽകിയ പന്ത് വലിയിലേക്ക് തട്ടിയിടേണ്ട ദൗത്യംമാത്രമേ താരത്തിനുണ്ടായിരുന്നുള്ളൂ. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ റൊമാനിയ പ്രതിരോധത്തെ മറികടന്ന് മാലെൻ രണ്ടാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.