വോട്ടെടുപ്പിലേക്ക് പോയില്ല, ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ
ന്യൂഡൽഹി: ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ. ഒാം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷം ഡിവിഷൻ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്ന വോട്ട്) ആവശ്യപ്പെട്ടില്ല. ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിനു പരിഗണിച്ചില്ല.
ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ നിലവിലെ സ്പീക്കർ ഓം ബിർലയെ സ്ഥാനാർഥിയാക്കിയപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെയാണ് നിർത്തിയത്. ഒാം ബിർലയുടെ പേര് നിർദ്ദേശിച്ച് 13 പ്രമേയങ്ങൾ എത്തി. കൊടിക്കുന്നിൽ സുരേഷിന്റെ പേര് നിർദ്ദേശിച്ചുള്ള പ്രമേയം അരവിന്ദ് സാവന്ത് അവതരിപ്പിച്ചു. എൻ.കെ.പ്രേമചന്ദ്രൻ പിന്താങ്ങി. കൊടിക്കുന്നിൽ സുരേഷിന്റെ പേരു നിർദ്ദേശിച്ച് ആകെ 3 പ്രമേയങ്ങളുമെത്തി. ഒാം ബിർലയുടെ പേര് നിർദ്ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അതിനെ പിന്താങ്ങുന്നു. ഈ പ്രമേയമാണ് ശബ്ദവോട്ടിൽ പാസായത്.