ഓം ബിർളക്കെതിരെ കൊടിക്കുന്നിൽ, ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്
ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. എൻഡിഎ സ്ഥാനാർഥിയായ കഴിഞ്ഞ സഭയിലെ സ്പീക്കർ ഓം ബിർളക്കെതിരെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് ഇൻഡ്യാ സഖ്യ സ്ഥാനാർത്ഥിയാകും. കൊടിക്കുന്നിൽ സുരേഷ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും എന്നുറപ്പായി.
ഇന്ത്യയുടെ പാർലമെൻ്ററി ചരിത്രത്തിൽ എല്ലാ സ്പീക്കർമാരും ഏകകണ്ഠമായാണ് തിരഞ്ഞെടുക്കപ്പെട്ടത്.ആ റെക്കോഡാണ് ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുന്നത്. ലോക്‌സഭാ സ്പീക്കർ സ്ഥാനാർത്ഥിയെക്കുറിച്ച് സമവായമുണ്ടാക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവിനേയും സർക്കാർ നിയോഗിച്ചിരുന്നു നേരത്തെ ഓം ബിർളയെ സ്പീക്കറാക്കാൻ അനുവദിക്കാമെന്നും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കീഴ്‌വഴക്ക പ്രകാരം പ്രതിപക്ഷത്തിന് നൽകണമെന്നും ഇൻഡ്യാ മുന്നണി ആവശ്യപ്പെട്ടിരുന്നു. 2014ൽ എഐഎഡിഎംകെയുടെ എം തമ്പി ദുരൈയെ ഡെപ്യൂട്ടി സ്പീക്കറായി ബിജെപി നിയമിച്ചിരുന്നു. എന്നാൽ 2019 മുതൽ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്
പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്താബിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ തർക്കത്തെ തുടർന്നാണ് സ്പീക്കർ സ്ഥാനത്തെ ചൊല്ലി സമവായം ഉണ്ടായത്. പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ അംഗമാകാൻ പ്രതിപക്ഷ നേതാക്കൾ വിസമ്മതിക്കുകയും ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ താൽക്കാലിക സ്ഥാനത്തേക്ക് നിയമിക്കാത്തതിൽ സർക്കാർ പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കുകയാണെന്ന് ആരോപിച്ചു.