കൊച്ചിയില്‍ യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ തേഞ്ഞ് തീര്‍ന്ന ടയറുമായി ഉള്ള ‘മരണപ്പാച്ചില്‍’
കൊച്ചി : ദേശീയപാതയില്‍ മാടവനയില്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകട കാരണം കല്ലട ബസിന്റെ അമിത വേഗമെന്ന് നിഗമനം. മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്‍ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ബസിന്റെ പിന്നിലെ രണ്ടു ടയറുകളും ഏറെക്കുറെ തേഞ്ഞ നിലയിലായിരുന്നു. ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനത്തിലെ അപാകത സംബന്ധിച്ചും മോട്ടോര്‍ വാഹനവകുപ്പിന് സംശയങ്ങള്‍ ഉണ്ട്. ഇതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.
അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമാംവിധം വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ അപകടത്തില്‍ മരിച്ച വാഗമണ്‍ കോട്ടമല ഉളുപ്പണി മണിയമ്പ്രായില്‍ ജിജോ സെബാസ്റ്റിയന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ജിജോ ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാരശാലയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്‌കാരം.
ഇന്നലെ രാവിലെ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരായ നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 13 പേര്‍ ചികിത്സയിലാണ്. അമിത വേഗത്തിലെത്തിയ ബസ് മാടവനയ്ക്ക് സമീപം ചുവന്ന സിഗ്നല്‍ തെളിഞ്ഞപ്പോള്‍ സഡന്‍ ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതോടെ നിയന്ത്രണം വിട്ട് തെന്നി ട്രാഫിക് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ജിജോയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ജിജോ എട്ടുവര്‍ഷമായി എറണാകുളം ജയലക്ഷ്മി സില്‍ക്‌സിലെ അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരനാണ്. സഹപ്രവര്‍ത്തകര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു സൗമ്യനും ഏവര്‍ക്കും ഉപകാരിയുമായിരുന്ന ജിജോ എന്ന് സുഹൃത്തുക്കള്‍ പറയുന്നു. കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു ജിജോയുടെ ജോലി. ഭാര്യാസഹോദരി എമിലിയുടെ വീടുപണി നടക്കുന്ന ചേര്‍ത്തലയില്‍ രണ്ടുദിവസം മുന്‍പ് ഭാര്യയെയും ഒന്നേകാല്‍ വയസ്സുള്ള മകളെയും കൊണ്ടുപോയി വിട്ടിരുന്നു. ഞായറാഴ്ച അവധിയായതിനാല്‍ അവരെ കൂട്ടാന്‍ പോകുന്ന വഴിയാണ് ബസ് ജിജോയുടെ ജീവന്‍ കവര്‍ന്നത്.