പരീക്ഷാ ക്രമക്കേട് മുതൽ ഒരുപിടി വിഷയങ്ങളുമായി പ്രതിപക്ഷം , ലോക്സഭാ സമ്മേളനം ഇന്നുമുതൽ
ന്യൂഡൽഹി : മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനത്തിന് ഇന്നു തുടക്കം. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയും നടക്കും. 26നാണു സ്പീക്കർ തിരഞ്ഞെടുപ്പ്. രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ ഇരുസഭകളെയും 27ന് അഭിസംബോധന ചെയ്യും. രാജ്യസഭയും അന്നു മുതലാണു സമ്മേളിക്കുക. രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി അറിയിച്ചുള്ള പ്രമേയത്തിൻമേലുള്ള ചർച്ച 28ന് ആരംഭിക്കും. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ മൂന്നിനു മറുപടി പറയും. അന്നു പിരിയുന്ന സമ്മേളനം പിന്നീട് ബജറ്റ് അവതരണത്തിനായി ജൂലൈ മൂന്നാം വാരം ചേരും.
അംഗങ്ങളുടെ സത്യപ്രതിജ്ഞയടക്കമുള്ള നടപടിക്രമങ്ങളാണ് അജൻഡയിലുള്ളതെങ്കിലും പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ ഇന്ത്യാസഖ്യം രംഗത്തിറങ്ങും. പാർലമെന്റിൽ ഒറ്റക്കെട്ടായി മൂന്നാം മോദി സർക്കാരിനെ തുടക്കം മുതൽ പ്രതിരോധത്തിലാക്കാനാണു പ്രതിപക്ഷ നീക്കം. അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താനുള്ള പ്രോടെം സ്പീക്കറായി സഭയിലെ ഏറ്റവും മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞ് ബിജെപി എംപി ഭർതൃഹരി മെഹ്താബിനെ നിയമിച്ചതിൽ കോൺഗ്രസ് തർക്കമുന്നയിക്കും. 18–ാം ലോക്സഭയിലെ ആദ്യ പ്രതിപക്ഷ പ്രതിഷേധവും ഈ വിഷയത്തിലായിരിക്കുമെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഒപ്പം നിൽക്കാൻ ഇന്ത്യാസഖ്യത്തിലെ മറ്റു കക്ഷികളെ കോൺഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. പ്രോടെം സ്പീക്കറെ സഹായിക്കുന്ന അഞ്ചംഗ എംപിമാരുടെ പാനലിൽനിന്നു വിട്ടുനിൽക്കാൻ കൊടിക്കുന്നിലിനോട് കോൺഗ്രസ് നിർദേശിച്ചിട്ടുണ്ട്.
പരീക്ഷാ ക്രമക്കേടുകൾക്കു പുറമേ ബംഗാളിലെ ട്രെയിൻ അപകടം, മണിപ്പുർ കലാപം, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ തുടങ്ങിയവയും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. പരീക്ഷാ ക്രമക്കേട്, ട്രെയിൻ അപകടം എന്നിവയുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ രാജിയും ആവശ്യപ്പെടും.