സ്പോർട്സ്

ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 47 റൺസിന്റെ തകർപ്പൻ ജയം

ബാർബഡോസ് : ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 47 റൺസിന്റെ തകർപ്പൻ ജയം. ടോസ് നേടി ബാർബഡോസിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കുറിച്ച 182 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാൻ പോരാട്ടം 20 ഓവറിൽ 134ൽ അവസാനിച്ചു. 28 പന്തിൽ 53 റൺസ് നേടിയ സൂര്യകുമാർ യാദവ് ടോപ് സ്‌കോററായി. ബൗളിങിൽ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്താണ് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.സൂര്യയാണ് കളിയിലെ താരം.

ഇന്ത്യകുറിച്ച 182 റൺസ് പിന്തുടർന്നിറങ്ങിയ അഫ്ഗാന് ഒരുഘട്ടത്തിൽ പോലും രോഹിത് ശർമക്കും സംഘത്തിനും ഭീഷണിയുയർത്താനായില്ല. സ്‌കോർ 13ൽ നിൽക്കെ മികച്ച ഫോമിലുള്ള ഓപ്പണർ റഹ്‌മത്തുള്ള ഗുർബാസിനെ അഫ്ഗാന് നഷ്ടമായി. 11 റൺസെടുത്ത താരത്തെ ജസ്പ്രീത് ബുംറ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ഹസ്രത്തുള്ള സസായ്(2)യേയും മടക്കി ബുംറ ഇരട്ട പ്രഹരം നൽകി. പിന്നാലെ ഇബ്രാഹിം സദ്രാനെ(8) അക്‌സർ പട്ടേൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ചതോടെ പവർപ്ലെയിൽ 3 വിക്കറ്റ് നഷ്ടത്തിൽ 35 എന്ന നിലയിലായി. ഇന്ത്യൻ ബൗളിങ് നിരക്കുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ തുടരെ വിക്കറ്റുകൾ വീണു. അസ്മത്തുള്ള ഒമർസായി(26) മാത്രമാണ് ചെറുത്തുനിൽപ് നടത്തിയത്. ഗുൽബദീൻ നയിബ്(17), നജീബുള്ള സദ്രാൻ(19), മുഹമ്മദ് നബി(14) എന്നിവരും വലിയ സ്‌കോർ നേടാതെ കൂടാരം കയറി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിന്റെ അർധസെഞ്ച്വറി കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് പടുത്തുയർത്തിയത്. 28 പന്തിൽ 53 റൺസാണ് സൂര്യ നേടിയത്. 24 പന്തിൽ 32 റൺസുമായി ഹാർദിക് പാണ്ഡ്യയും മികച്ച പിന്തുണ നൽകി. ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. ഒരിക്കൽകൂടി ഓപ്പണിങ് സഖ്യം പരാജയമായി. സ്‌കോർ 11ൽ നിൽക്കെ നായകൻ രോഹിത് ശർമയെ(8) നഷ്ടമായി. ഫസൽ ഹഖ് ഫാറൂഖിയുടെ ഓവറിൽ റാഷിദ് ഖാന് ക്യാച്ച് നൽകിയായിരുന്നു മടക്കം. സ്‌കോർ 54ൽ നിൽക്കെ മികച്ച ഫോമിലുള്ള ഋഷഭ് പന്തിനേയും(20) നഷ്ടമായി. ലോകകപ്പിൽ ആദ്യമായി മികച്ച തുടക്കം ലഭിച്ച വിരാട് കോഹ്ലിയ്ക്ക് വലിയ ഇന്നിങ്സിലെത്താനായില്ല.

24 റൺസിൽ നിൽക്കെ റാഷിദ് ഖാന്റെ ഓവറിൽ മുഹമ്മദ് നബിക്ക് ക്യാച്ച് നൽകി കോഹ്ലി മടങ്ങി. തൊട്ടപിന്നാലെ ശിവംദുബയും കൂടാരം കയറിയതോടെ(10) ഇന്ത്യ തിരിച്ചടി നേരിട്ടു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യകുമാർ-ഹാർദിക് പാണ്ഡ്യ കൂട്ടുകെട്ട് രക്ഷക്കെത്തി. ഫസൽ ഹഖ് ഫാറൂഖിയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് സൂര്യ പുറത്തായെങ്കിലും അവസാന ഓവറിൽ മികച്ച പ്രകടനം നടത്തി 6 പന്തിൽ 12 റൺസുമായി അക്സർ പട്ടേൽ ഫിനിഷറുടെ റോൾ നിർവഹിച്ചു. രവീന്ദ്ര ജഡേജ(7) പുറത്തായി. അഫ്ഗാൻ നിരയിൽ ഫസൽ ഹഖ് ഫാറൂഖിയും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button