കടന്നാക്രമണം ഉണ്ടായാൽ പരസ്പരം സഹായിക്കും ; കൈകോര്ത്ത് റഷ്യ, ഉത്തര കൊറിയ
പോങ്യാങ് : കടന്നാക്രമണം ഉണ്ടായെങ്കിൽ പരസ്പരം സഹായിക്കുമെന്ന് റഷ്യയും ഉത്തര കൊറിയയും. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ മറ്റേ രാജ്യം സഹായം നൽകുമെന്നും പോങ്യാങ്ങിൽ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഒപ്പിട്ട പങ്കാളിത്ത കരാറിൽ പറയുന്നു. ഏതുതരം സഹായമാകും നൽകുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഉക്രയ്ൻ യുദ്ധത്തിൽ ഉത്തര കൊറിയ റഷ്യക്ക് ആയുധങ്ങൾ നൽകുന്നെന്ന പാശ്ചാത്യ ആരോപണം ശക്തമായിരിക്കെയാണ് പുടിന്റെ ഉത്തര കൊറിയൻ സന്ദർശനം.
ഒമ്പത് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര വിഷയങ്ങളും സുരക്ഷാ പ്രശ്നങ്ങളുമാണ് ചർച്ചയായതെന്ന് പുടിൻ പറഞ്ഞു. ഉത്തര കൊറിയയുമായി സൈനിക സാങ്കേതിക സഹകരണം പരിഗണനയിലാണ്. ഉത്തര കൊറിയ റഷ്യക്ക് നൽകുന്ന പിന്തുണയ്ക്ക് പുടിൻ നന്ദി അറിയിച്ചു. റഷ്യക്കെതിരെ അമേരിക്ക സ്വീകരിക്കുന്ന സാമ്രാജ്യത്വ നിലപാടുകളെ ശക്തമായി ചെറുക്കുമെന്നും വ്യക്തമാക്കി. ആരോഗ്യ പരിചരണം, ആരോഗ്യ വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും വിവിധ കരാറുകളിൽ ഒപ്പിട്ടതായി ക്രെംലിൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇരുനേതാക്കളും ഉപഹാരങ്ങൾ കൈമാറിയതായി പുടിനെ അനുഗമിച്ച റഷ്യൻ വിദേശകാര്യ ഉപദേഷ്ടാവ് യൂരി ഉഷകോവ് പറഞ്ഞു. പുതിയ ബഹുധ്രുവ ലോകനിർമാണത്തിന് തുടക്കം കുറിച്ചതായി കിം പ്രതികരിച്ചു.
ചൊവ്വ അർധരാത്രിയോടെ പോങ്യാങ്ങിലെത്തിയ പുടിനെ കിം നേരിട്ടെത്തിയാണ് സ്വീകരിച്ചത്. സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി. സഹോദരി കിം യോ ജോങ് അടക്കമുള്ളവരെ കിം പുടിന് പരിചയപ്പെടുത്തി. 24 വർഷം മുമ്പ് ആദ്യമായി പ്രസിഡന്റായ ഉടൻ പുടിൻ ഉത്തര കൊറിയ സന്ദർശിച്ചപ്പോൾ കിമ്മിന്റെ അച്ഛൻ കിം ജോങ് ഇൽ ആയിരുന്നു ഭരണാധികാരി. 2023ൽ കിം റഷ്യ സന്ദർശിച്ചിരുന്നു.