കുവൈത്ത് തീപിടിത്തം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം
രാവിലെ 10നാണ് യോഗം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യമാണ് പ്രധാനമായും ചർച്ചയാവുക.
തിരുവനന്തപുരം : കുവൈത്ത് തീപിടിത്തം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും. രാവിലെ 10നാണ് യോഗം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യമാണ് പ്രധാനമായും ചർച്ചയാവുക. 11 മലയാളികൾ മരിച്ചതായാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മന്ത്രിമാർ ആരെങ്കിലും കാര്യങ്ങൾ ഏകോപിപ്പിക്കാൻ കുവൈത്തിലേക്ക് പോകണമോ എന്നതും യോഗത്തിൽ ചർച്ചയാവും.
പരിക്കേറ്റവരെ സഹായിക്കാൻ എംബസിയിൽനിന്നുള്ളവർ സ്ഥലത്തുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞാലുടൻ ഇന്ത്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കീർത്തിവർധൻ സിങ് ഇന്ന് രാവിലെ കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്.
അഞ്ച് ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദാൻ, ജബർ, ഫർവാനിയ്യ, മുബാറക്ക് അൽ കബീർ, ജഹ്റ എന്നീ ആശുപത്രികളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു