യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡ്, മാൾട്ട വിമാനത്താവളത്തിന്റെ വളർച്ചാ ഗ്രാഫിൽ വർധന
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളർച്ചാ ഗ്രാഫിൽ വൻകുതിപ്പെന്ന് കണക്കുകൾ. യാത്രക്കാരുടെ എണ്ണം, ടേക്ക്-ഓഫ് ലാൻഡിങ് കണക്കുകൾ, സീറ്റ് ഡിമാൻഡ് എന്നിങ്ങനെയുള്ള എല്ലാ സൂചികകളിലും ഉയർച്ചയാണ് മെയ് മാസത്തിൽ കണ്ടത്.
മെയ് മാസത്തിൽ 858,402 യാത്രക്കാരെയാണ് മാൾട്ട വിമാനത്താവളം കൈകാര്യം ചെയ്തത്. 18.2 ശതമാനത്തിന്റെ വർധനയാണ് ഇക്കാര്യത്തിൽ ഉള്ളത്. ഇതൊരു റെക്കോഡാണ്.2023 മെയിൽ 18 ശതമാനം യാത്രക്കാരുടെ വർധന ഉണ്ടായതിന്റെ റെക്കോഡാണ് ഈ വര്ഷം മെയിൽ തകർന്നത്. അതായത് മുൻ മാസത്തേക്കാൾ 132,000-ത്തിലധികം യാത്രക്കാരുടെ വർധന ഉണ്ടായി. മെയ് മാസത്തിൽ മൊത്തം 5,607 ടേക്ക് ഓഫുകളും ലാൻഡിംഗുകളും രേഖപ്പെടുത്തി, സീറ്റ് ആവശ്യകതയിൽ 14.1 ശതമാനം വർധനവുണ്ടായി.
ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി എന്നീ വിമാനത്താവളങ്ങളിലേക്കാണ് ഏറ്റവുമധികം യാത്രക്കാർ സഞ്ചരിച്ചത്. മാൾട്ട ഇന്റർനാഷണൽ എയർപോർട്ടിന്റെ വിപണി വിഹിതത്തിന്റെ 50 ശതമാനത്തിലധികവും ഈ രാജ്യങ്ങൾ കൈയ്യടക്കി. അതിൽ തന്നെ ഇറ്റലിയിലേക്കാണ് മാൾട്ട യാത്രികർ ഏറ്റവുമധികം കണക്ട് ചെയ്തത്.ഫ്രാൻസും പോളണ്ടും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി, പോളണ്ട് ഏറ്റവും ഗണ്യമായ വളർച്ച കൈവരിച്ചു, 2023 നെ അപേക്ഷിച്ച് 62.4 ശതമാനം വർധിച്ചു. ലണ്ടനിലെ ഗാത്ത്വിക് വിമാനത്താവളത്തിലേക്കാണ് ഏറ്റവുമധികം യാത്രക്കാർ മാൾട്ടയിൽ നിന്നും പോയത്.