സ്പോർട്സ്

ലോകകപ്പ് മൂന്നാംറൗണ്ട് സ്വപ്‌നങ്ങൾ വീണുടഞ്ഞു ; വിവാദ റഫറി തീരുമാനത്തിൽ ഖത്തറിനോട് തോറ്റ ഇന്ത്യ പുറത്ത്

ദോഹ: വിവാദ റഫറി തീരുമാനത്തിൽ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർന്നടിഞ്ഞു. നിർണായക മത്സരത്തിൽ ഖത്തറിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്നശേഷമാണ് ഇന്ത്യ പരാജയം രുചിച്ചത്. ഖത്തറിനായി യൂസുഫ് അയ്മൻ(73), അഹമദ് അൽ റവി(85) എന്നിവർ ഗോൾ നേടി. ഇന്ത്യക്കായി ലാലിയാൻസുവാല ചാങ്‌തെ(37) വലകുലുക്കി.

മത്സരത്തിൽ ഖത്തറിന്റെ സമനില ഗോൾ പുറത്തുപോയ പന്ത് എടുത്താണെന്ന് വീഡിയോയിൽ ദൃശ്യമായെങ്കിലും റഫറി അംഗീകരിച്ചില്ല. ഇന്ത്യൻ താരങ്ങളുടെ അപ്പീൽ അംഗീകരിക്കാതെ ഖത്തറിന് അനുകൂലമായി ഗോൾ അനുവദിക്കുകയായിരുന്നു. ഇതോടെ തുടക്കം മുതൽ മിന്നും പ്രകടനം നടത്തിയ ഇന്ത്യയിൽ നിന്ന് അവസാന ക്വാർട്ടറിൽ ഖത്തർ കളി കൈവശപ്പെടുത്തി. ഒടുവിൽ ലോകകപ്പ് യോഗ്യതയിൽ മൂന്നാം റൗണ്ട് കടക്കാതെ ഇന്ത്യ പുറത്ത്.

ദോഹയിലെ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യമിനിറ്റുകളിലെ ഖത്തർ അപ്രമാധിത്വമൊഴിച്ചുനിർത്തിയാൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. ഖത്തറിനെ ഞെട്ടിച്ച് 39ാം മിനിറ്റിൽ ലാലിയാൻസുവാല ചാങ്‌തെ ഇന്ത്യക്കായി വലകുലുക്കി. ബ്രാൻഡൻ ഫെർണാണ്ടസ് ബോക്‌സിന്റെ മൂലയിലേക്ക് നൽകിയ പാസ് കൃത്യമായി സ്വീകരിച്ച ചാങ്‌തെ ഖത്തർ ഗോൾകീപ്പർ ഷെഹാബ് എല്ലത്തിയെ മറികടന്ന് വലയിലെത്തിച്ചു. 12ാം മിനിറ്റിൽ പ്രതിരോധതാരം മെഹ്ദാബ് സിങ് ഗോൾലൈൻസേവ് നടത്തി. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മികച്ച സേവുകളും ആദ്യ പകുതിയിൽ ലക്ഷക്കെത്തി.

രണ്ടാം പകുതിയിലും ആക്രമണ-പ്രത്യാക്രമണവുമായി ഇരുടീമുകളും മുന്നേറി. എന്നാൽ ഫിനിഷിങിലെ പ്രശ്‌നങ്ങൾ ഇരുടീമുകൾക്കും തിരിച്ചടിയായി. ഒടുവിൽ 73ാം മിനിറ്റിൽ യൂസുഫ് അയ്മനിന്റെ വിവാദ ഗോളിലൂടെ ഖത്തർല സമനില പിടിച്ചു. പുറത്തുപോയെന്ന് ഉറപ്പിച്ച് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ഒഴിവാക്കിയ പന്ത് വീണ്ടും കളത്തിലേക്ക് തട്ടിയ അയ്ദിനിൽനിന്ന് സ്വീകരിച്ച് യൂസഫ് അയ്മൻ പോസ്റ്റിലേക്കടിച്ചു. വീഡിയോ ദൃശ്യങ്ങളിൽ പന്ത് പുറത്ത് പോയെന്ന് വ്യക്തമായെങ്കിലും റഫറി അനുവദിച്ചില്ല. 85ാം മിനിറ്റിൽ മികച്ചൊരു ഷോട്ടിലൂടെ അഹ്‌മദ് അൽ റവാബി ഖത്തറിനെ വിജയത്തിലെത്തിച്ചു. ബ്രൻഡൻ ഫെർണാണ്ടസിനെ പ്ലേ മേക്കറാക്കി 3-4-1-2 ഫോർമേഷനിലാണ് ഇഗോർ സ്റ്റിമിച് ടീമിനെ വിന്യസിച്ചത്. ബോൾ പൊസിഷനിലും ഇന്ത്യ ഖത്തറിനൊപ്പം പിടിച്ചു. സുനിൽ ഛേത്രി കളമൊഴിഞ്ഞ ശേഷമുള്ള ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button